തിരുവനന്തപുരം:ഐ.എഫ്.എഫ്.കെ വേദിയിൽ മമ്മൂട്ടി ചിത്രമായ നൻപകൽ നേരത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ ചലച്ചിത്രമേളയിലെ ഡെലിഗേറ്റുകൾക്കെതിരെ കേസെടുത്തു.മൂന്ന് വിദ്യാർത്ഥികൾക്കും കണ്ടാലറിയാവുന്ന 30 പേർക്കും എതിരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് എടുത്തത്.കഴിഞ്ഞ ദിവസമാണ് നൻപകൽ നേരത്ത് മയക്കം എന്ന മമ്മൂട്ടി ചിത്രത്തിന്റെ പ്രദർശനത്തെ ചൊല്ലി ടാഗോർ തിയേറ്ററിന് മുൻപിൽ പ്രതിഷേധം ഉയർന്നത്.

നിയമവിരുദ്ധമായി സംഘംചേരൽ,കലാപശ്രമം തുടങ്ങിയ കുറ്റങ്ങളാണ് വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.തിരുവനന്തപുരം വഴുതക്കാട് സ്വദേശി കിഷോർ(25) തൃശ്ശൂർ പാവറട്ടി സ്വദേശി നിഹാരിക(21) കൊല്ലം ചന്ദനത്തോപ്പ് മാമ്മൂട് സ്വദേശി മുഹമ്മദ് ഹനീൻ(25) എന്നിവർക്കെതിരേയും കണ്ടാലറിയാവുന്ന മറ്റ് മുപ്പതോളം പേർക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, ഡെലിഗേറ്റ് പാസ്സോ മതിയായ രേഖകളോ ഇല്ലാതെയാണ് പ്രതിഷേധക്കാർ ടാഗോർ തിയേറ്ററിലെ ഓഫീസിനകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.പൊലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും ഇവർ അതിന് കൂട്ടാക്കാതെ കുത്തിയിരുന്ന് പ്രതിഷേധിച്ചെന്നും തുടർന്ന് മൂന്ന് പ്രതികളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കേണ്ടിവന്നുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.

ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്ന് ഐഎഫ്എഫ്‌കെ ഡെലിഗേറ്റും വിദ്യാർത്ഥിനിയുമായ നിഹാരിക പ്രതികരിച്ചു. പാസുമായാണ് സിനിമ കാണാൻ പോയത്.പ്രതിഷേധിച്ചവർക്ക് എതിരെ കേസെടുക്കില്ലെന്ന് അധികൃതർ അറിയിച്ചിരുന്നതാണ്.പൊലീസ് നടപടിയെ നിയമപരമായി നേരിടുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.