തൃക്കാക്കര: പണക്കിഴി വിവാദത്തിൽ തൃക്കാക്കര നഗരസഭ മുൻ ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെ വിജിലൻസ് കേസ്. നഗരസഭയുടെ തനത് ഫണ്ട് ദുരുപയോഗം ചെയ്ത് 10,000 രൂപ വീതം കൗൺസിലർമാർക്ക് നൽകിയെന്നാണ് കേസ്. റവന്യൂ ഇൻസ്പെക്ടർ പ്രകാശ് കുമാറിനേയും കേസിൽ പ്രതി ചേർത്തു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.

തൃക്കാക്കരയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയ നടപടിയാണ് വിവാദമായത്. ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് കവറിൽ 10,000 രൂപയാണ് അജിത തങ്കപ്പൻ സമ്മാനിച്ചത്. കൗൺസിലർമാരിൽ ചിലർ കവർ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. ഇതോടെയാണ് സംഭവം പുറത്തുവരുന്നത്.

ഇതിന് പിന്നാലെ അജിതാ തങ്കപ്പന്റെ ഓഫീസിൽ വിജലൻസ് പരിശോധന നടത്തുകയും പണക്കിഴി അടങ്ങുന്ന ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. നഗരസഭാ കൗൺസിലർ കവറുമായി പോകുന്നത് ഈ ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.