മലപ്പുറം: കോട്ടക്കല്‍ എടരിക്കോട് ചുടലപ്പാറ പൂഴിക്കുന്നില്‍ സാമൂഹികവിരുദ്ധര്‍ വീടുകള്‍ക്ക് തീയിട്ടതായി പരാതി. കല്ലിങ്ങല്‍ സൈതലവി, പാലപ്പുറ ഷൗക്കത്തലവി, മുജീബ് എന്നിവരുടെ വീടുകള്‍ക്കാണ് ഭാഗികമായി തീ പിടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം. തീ പടരുന്നതു കണ്ട വീട്ടുകാര്‍ ഓടി പുറത്തിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

മൂന്ന് വീടുകളുടെയും വിറകുപുരകള്‍ക്കാണ് തീയിട്ടത്. തീയിട്ട മൂന്ന് വിറകുപുരകളില്‍ പാലപ്പുറ ഷൗക്കത്തലവിയുടെ പുര പൂര്‍ണമായും കത്തി നശിച്ചു. കിടപ്പുമുറിയിലേക്കും തീ പടര്‍ന്നു. ഇതോടെ ഫര്‍ണിച്ചറുകളും സീലിങ് ഫാനും കത്തിനശിച്ചു. മൂന്ന് വീടുകളിലും ഒരേ സമയം തീ പടര്‍ന്നതിനാല്‍ ബോധപൂര്‍വം അപായപ്പെടുത്താനുള്ള ശ്രമമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വീടുകളില്‍ ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു. തീ കൂടുതലായി പടരുന്നതിനു മുൻപ് നിയന്ത്രിക്കാനായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. വീട്ടുകാര്‍ കോട്ടക്കല്‍ പൊലീസിന് പരാതി നല്‍കി.