കണ്ണൂർ: കണ്ണൂരിൽ ആശുപത്രി കള്ളൻ പിടിയിൽ. ചികിത്സ തേടിയെത്തിയ ദമ്പതികളെന്നു വ്യാജെനെ വന്നു തലശേരി ജനറൽ ആശുപത്രയിലെ ഒ.പിയിൽ നിന്നുംജീവനക്കാർ ഉപയോഗിക്കുന്ന ടാബ് മോഷ്ടിച്ച യുവാവിനെയാണ് തലശേരി ടൗൺ പൊലിസ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പിടികൂടിയത്.

മാലൂർ മറിയാടൻ ഹൗസിൽ ഷാനിഫിനെയാ(26)ണ് തലശേരി ടൗൺ പൊലിസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജനറൽ ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒ.പിയിലെ മേശപ്പുറത്തുണ്ടായ ടാബ് ഷാനിഫ് മോഷ്ടിക്കുന്നതായി വ്യക്തമായത്. ഇയാളോടൊപ്പം ഒരുസ്ത്രീയും ദൃശ്യങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇവരെ കുറിച്ചു അന്വേഷിച്ചുവരുന്നതായി പൊലിസ് അറിയിച്ചു. ഓഫീസിൽ ഉപയോഗിക്കുന്ന ടാബാണ് കഴിഞ്ഞ മെയ് 25-ന് മോഷണം പോയത്. നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ ഉപയോഗിക്കുന്നതാണിത്.

ലെനോവയുടെ ടാബിന് ഏകദേശം പതിനഞ്ചായിരം രൂപ വിലവരുമെന്ന് പൊലിസ്പറഞ്ഞു. തൊണ്ടി മുതൽ ഇയാളിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ നിന്നാണ് പ്രതിയെ പൊലിസ് പിടികൂടിയത്. ചികിത്സ തേടിയെത്തിയ ദമ്പതികളെന്നു വ്യാജേനെയാണ് കവർച്ച നടത്തിയതെന്നാണ് പൊലിസ് പറയുന്നത്.സാധാരണ ദിവസങ്ങളിൽ നല്ലതിരക്കുള്ള ആശുപത്രികളിലൊന്നാണ് തലശേരി ജനറൽ ആശുപത്രി. നൂറുകണക്കിനാളുകളാണ് തലശേരി താലൂക്കിൽ നിന്നും ഇവിടെ ചികിത്സ തേടിയെത്തുന്നത്.

ഇതിനിടെകവർച്ചയും പിടിച്ചു പറിയും നടക്കുന്നതിനാൽ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കണ്ണൂരിലേതിനു സമാനമായി തലശേരി നഗരത്തിലും പിടിച്ചുപറിക്കാൻ വ്യാപകമാണ്. രണ്ടുമാസംമുൻപ് മുകുന്ദ്മല്ലാർ റോഡിലെ വീട്ടിൽ കയറി വയോധികയെ കത്തിചൂണ്ടി സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു. റെയിൽവെ സ്റ്റേഷൻ റോഡിൽ ഇതരസംസ്ഥാനതൊഴിലാളികളെ പൊലിസെന്ന വ്യാജെനെ കൊള്ളയടിക്കുന്നതും പതിവുസംഭവമായി മാറിയിട്ടുണ്ട്.