ന്യൂഡൽഹി:ഉത്തർപ്രദേശിലെ സർവകലാശാലകൾ മോശമാണെന്ന തരത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഘാനെ ഉന്നം വെച്ചുള്ള ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ വിമർശനത്തിനെതിരെ പ്രതികരണവുമായി കേന്ദ്രസഹമന്ത്രി വി.മുരളീധരൻ.രാജ്യത്തിനാകെ അഭിമാനമായി നിലകൊള്ളുന്ന ഒട്ടേറെ കലാലയങ്ങളുള്ള ഒരു സംസ്ഥാനത്തെക്കുറിച്ചാണ് കമ്യൂണിസ്റ്റ് പാർട്ടിയിലെ അഭിനവ ബുദ്ധിജീവിയുടെ കണ്ടെത്തലെന്നാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ കെ.എൻ ബാലഗോപാലിനെ ലക്ഷ്യമിട്ട് മുരളീധരൻ പറഞ്ഞത്.

ഏതോ സർവകലാശാലയിൽ സുരക്ഷാജീവനക്കാരൻ വിദ്യാർത്ഥികളെ കൊലപ്പെടുത്തിയതാണ് യുപിയിൽ എല്ലാം മോശമെന്ന ബാലഗോപാലിന്റെ കണ്ടെത്തലിന് പിന്നിൽ.അതേസമയം ബാലഗോപാലിന്റെ സർക്കാർ ഭരിക്കുമ്പോഴാണ് കേരളത്തിലെ ഒരു കോളജിൽ വിദ്യാർത്ഥിനിയെ കാമ്പസിൽ സഹപാഠി കഴുത്തറുത്തുകൊന്നത്, ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ സുഹൃത്ത് വെടിവച്ചു കൊന്നത്, മഹാരാജാസ് കോളജിൽ എസ്എഫ്‌ഐ നേതാവിനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയത്.

കേരളത്തിലെ കലാലയങ്ങളിൽ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും നടത്തിയിട്ടുള്ള അതിക്രമങ്ങൾ രാജ്യത്തിന്റെ മുന്നിൽ മലയാളിയുടെ മാനം കളയുന്നതായിരുന്നു.അതുകൊണ്ട് കേരളത്തിലെ സർവകലാശാലകളാകെ മോശമാണെന്ന് മന്ത്രിക്ക് അഭിപ്രായമുണ്ടോ എന്ന് തന്റെ പോസ്റ്റിലൂടെ മുരളീധരൻ ചോദിക്കുന്നു.

ഗവർണ്ണർക്ക് മുന്നിൽ തോൽക്കേണ്ടി വന്നതാണ് അദ്ദേഹത്തിന്റെ ജന്മനാടായ യു.പിക്കെതിരെ തിരിയാൻ കേരളത്തിലെ മന്ത്രിമാരേയും മുന്മന്ത്രിമാരേയും പ്രേരിപ്പിക്കുന്നതെന്നും തന്റെ പോസ്റ്റിലൂടെ അദ്ദേഹം പറയുന്നു.അധികാരത്തിന്റെ ഗർവും അഴിമതിയോടുള്ള ആർത്തിയും കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളെ പൂർണമായും അന്ധരാക്കിയിരിക്കുന്നു.

ഉത്തർപ്രദേശിലെ സർവകലാശാലകളെല്ലാം മോശമാണെന്നാണ് ധനമന്ത്രി ബാലഗോപാലിന്റെ കണ്ടെത്തൽ.ബനാറസ് സർവകലാശാലയും അലിഗഡ് സർവകലാശാലയും ഐഐടി കാൻപുരും പോലെ രാജ്യത്തിന്റെ അഭിമാനമായ നിരവധി കലാലയങ്ങളുള്ള ഒരു സംസ്ഥാനത്തെക്കുറിച്ചാണ് കമ്യൂണിസ്റ്റ് പാർട്ടിയിലെ അഭിനവ ബുദ്ധിജീവിയുടെ കണ്ടെത്തലെന്നും പോസ്റ്റിലൂടെ മുരളീധരൻ വിമർശിക്കുന്നു.

ഉത്തർപ്രദേശുകാരനായതിനാൽ ദേവികുളം സബ് കലക്ടർ മോശക്കാരനാണെന്ന് എം.എം.മണി ആക്രോശിക്കുന്നു. ''വൺ ടൂ ത്രീ'' എന്ന് മനുഷ്യരെ കൊന്നുതള്ളിയ മണിയാണ് ഉത്തർപ്രദേശുകാർക്ക് സംസ്‌കാരമില്ലെന്ന് പറയുന്നത്!.ഉത്തർപ്രദേശിനെയും അവിടത്തെ ജനങ്ങളെയും തുടർച്ചയായി അപമാനിക്കുക വഴി രാജ്യത്തിന്റെ അഖണ്ഡതയെക്കൂടിയാണ് കമ്യൂണിസ്റ്റ് നേതാക്കൾ വെല്ലുവിളിക്കുന്നത്. പ്രാദേശികവാദവും വംശീയതയും നിറഞ്ഞ ഇത്തരം നിലപാടുകൾ കമ്യൂണിസത്തിലെ കാപട്യം കൂടിയാണ് വ്യക്തമാക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് മുരളീധരന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ സർവകലാശാലകൾ കണ്ടുവരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളെ മനസ്സിലാക്കാൻ ബുദ്ധിമുട്ടാകുമെന്നായിരുന്നു കാര്യവട്ടം ക്യാമ്പസിലെ ഒരു പരിപാടിക്കിടയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ പരാമർശം.ഇതിന്റെ ചുവട് പിടിച്ചാണ് മന്ത്രിക്കെതിരെ വിമർശനവുമായി വി.മുരളീധരൻ രംഗത്തെത്തിയിരിക്കുന്നത്.ഉത്തർപ്രദേശിലെ ബുലന്ദേശ്വർ സ്വദേശിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.