- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർട്ടിഫിക്കറ്റായില്ല; തുല്യതാ പരീക്ഷ പാസായവരുടെ ബിരുദ പഠനം ആശങ്കയിൽ;സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാവകാശം ആവശ്യപ്പെട്ട് സാക്ഷരത മിഷൻ
മാള: പ്ലസ്ടു പാസായ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ബിരുദപഠനം അവതാളത്തിലാകുമെന്ന ആശങ്കയിൽ തുല്യതാ പഠിതാക്കൾ. ഓഗസ്റ്റിലെ പരീക്ഷയുടെ ഫലം സെപ്റ്റംബർ 19- ന് വന്നതാണ്. പരീക്ഷാഫലത്തിന്റെ സർട്ടിഫിക്കറ്റ് പ്രിന്റെടുത്ത് ബിരുദപഠനത്തിനായി വിവിധ സർവകലാശാലയിൽ അപേക്ഷ നൽകിയിരിക്കുകയാണ് പഠിതാക്കൾ. എന്നാൽ നവംബർ 25-നകം ഒറിജിനൽ ഹാജരാക്കിയില്ലെങ്കിൽ അപേക്ഷ നിരസിക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് പഠിതാവായ എം. മുംതാസ് പറഞ്ഞു.
പ്ലസ്ടുവിന് മികച്ച വിജയം നേടിയ മുംതാസ് അടക്കമുള്ളവർ ഉന്നത വിദ്യാഭ്യാസമന്ത്രി, പൊതുവിദ്യാഭ്യാസമന്ത്രി എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ്. പ്ലസ്ടു സർട്ടിഫിക്കറ്റ് വൈകുകയാണെങ്കിൽ ഒറിജിനൽ ഹാജരാക്കാൻ സാവകാശം വേണമെന്നാണ് പഠിതാക്കളുടെ ആവശ്യം. പൊതുവിദ്യാഭ്യാസ വകുപ്പിനെയും സർവകലാശാലയിലും ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല. പരീക്ഷാഫലം പുറത്തുവന്നിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് ലഭിക്കാത്തത് വകുപ്പിന്റെ അലംഭാവം കാരണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
പരീക്ഷ പരാജയപ്പെട്ടവർക്ക് വീണ്ടും എഴുതാനുള്ള അവസരം നൽകിയതിന്റെ ഫലം കൂടി പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് 12,000 പേരാണ് പ്ലസ്ടു തുല്യത പരീക്ഷ പാസായി ബിരുദ പഠനത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഹയർ സെക്കൻഡറി ഡയറക്ടറേറ്റാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. ബിരുദ പഠനത്തിന് അപേക്ഷ സമർപ്പിച്ചവർക്ക് സർവകലാശാലകളിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് സാവകാശം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന അറിയിച്ചു.




