തിരുവനന്തപുരം : ശ്രീകാര്യം ഗവ.എൻജിനീയറിങ് കോളേജ് (സി ഇ റ്റി) കാമ്പസിൽ അതിരുവിട്ട ഓണാഘോഷത്തിനിടെ മദ്യലഹരിയിൽ അമിത വേഗതയിൽ ഓടിച്ച ഓപ്പൺ ജീപ്പിടിച്ച് തെറിപ്പിച്ച് മൂന്നാം വർഷ വിദ്യാർത്ഥിനി കൊല്ലപ്പെട്ട നരഹത്യാ കേസിൽ പ്രതികൾക്ക് മേൽ തലസ്ഥാന വിചാരണ കോടതി കുറ്റം ചുമത്തി. തിരുവനന്തപുരം അഡീ. അസി. സെഷൻസ് കോടതിയായ സബ് കോടതിയാണ് വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചു കേൾപ്പിച്ച് പ്രതികൾക്ക് മേൽ കുറ്റം ചുമത്തിയത്.

സ്ഫടികം സിനിമാ മോഡൽ ' ചെകുത്താൻ ' പേര് ആലേഖനം ചെയ്ത ലോറിയും തുറന്ന ജീപ്പുകളും അനധികൃതമായി ക്യാമ്പസിൽ ഓടിച്ച് കയറ്റി നടത്തിയ ഓണാഘോഷമാണ് ഒരു വിദ്യാർത്ഥിനിയുടെ ജീവനെടുത്തത്. പ്രതികളായ ജീപ്പോടിച്ച ബി.കെ.ബി എന്നറിയപ്പെടുന്ന ബൈജു. കെ. രാധാകൃഷ്ണൻ, തെളിവു നശിപ്പിച്ച അഫ്‌നാൻ അലി സെബായി , ബിബിൻ ഡേവിഡ് എന്നീ മൂന്നു പൂർവ്വ വിദ്യാർത്ഥികൾക്ക് മേലാണ് കോടതി കുറ്റം ചുമത്തിയത്. അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിച്ചാൽ മറ്റുള്ളവർക്ക് ജീവഹാനി സംഭവിക്കുമെന്നുള്ള അറിവോടു കൂടി വാഹനമോടിച്ച് മരണം സംഭവിപ്പിച്ച നരഹത്യ , തെളിവു നശിപ്പിക്കൽ , കൂട്ടായ്മ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. 2015 ലെ സഹപാഠികളും റിട്ട. കോളേജ് ജീവനക്കാരുമടക്കം 45 സാക്ഷികൾ സംസ്ഥാനത്തിന്റെ വിദൂര സ്ഥലങ്ങളിൽ വസിക്കുന്നതിനാൽ വിചാരണ തീയതി ഷെഡ്യൂൾ ചെയ്യാൻ സാക്ഷികളുടെ ലഭ്യതാ തീയതികൾ സെപ്റ്റംബർ 28 ന് അറിയിക്കാൻ പ്രോസിക്യൂഷന് കോടതി നിർദ്ദേശം നൽകി.

മലപ്പുറം വഴിക്കടവ് സ്വദേശിനി ഹോസ്റ്റലിൽ താമസിച്ചു പഠിച്ച മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിനി തസ്‌നി (21) യാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ നടത്തിയ ആഭാസ പ്രകടനമാണ് തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളേജിലെ ആറാം സെമസ്റ്റർ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥിനി മലപ്പുറം നിലമ്പൂർ വഴിക്കടവ് അങ്ങാടി കുന്നത്ത് പുല്ലഞ്ചേരി വീട്ടിൽ ബഷീറിന്റെയും സൈനുജയുടെയും മൂത്തമകൾ തസ്നി ബഷീറിന്റെ (21) ജീവനെടുത്തത്.