അടൂർ: ബസ്സിനുള്ളിൽ വയോധികയുടെ സ്വർണമാല പറിച്ചെടുത്ത നാടോടി സ്ത്രീയെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കോയമ്പത്തൂർ ശങ്കരത്തെരുവ് ബ്ലോക്ക് നമ്പർ 24 ൽ ഉണ്ണിയുടെ ഭാര്യ കൗസല്യ (24) ആണ് അറസ്റ്റിലായത്. അടൂർ മലമേക്കര ദീപപ്രഭ വീട്ടിൽ മാധവൻ പിള്ളയുടെ ഭാര്യ ഓമനക്കുട്ടിയമ്മ (74)യുടെ കഴുത്തിൽ കിടന്ന മാല ഇവർ പൊട്ടിച്ചെടുക്കുകയായിരുന്നു.

അടൂരിൽ നിന്നും കോട്ടയത്തേക്ക് പോയ കെ എസ് ആർ ടി സി ബസ്സ് പന്തളം സ്റ്റാന്റിലെത്തിയപ്പോൾ ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. ലോക്കറ്റും കൊളുത്തും മാത്രമേ മോഷ്ടാവിന്റെ കയ്യിൽ കിട്ടിയുള്ളൂ. വയോധിക ബഹളമുണ്ടാക്കിയതിനെതുടർന്ന്, പന്തളം പൊലീസ് സ്റ്റേഷനിലേക്ക് ബസ്സ് ഡ്രൈവർ ഓടിച്ചുകയറിയശേഷം വിവരം പൊലീസിനോട് പറയുകയായിരുന്നു. പൊലീസ് തുടർ നടപടി സ്വീകരിച്ചു.

കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സക്കായി മകൾക്കൊപ്പം യാത്ര തിരിച്ചതാണ് ഓമനക്കുട്ടിയമ്മ. ഇരുന്ന് യാത്ര ചെയ്തുവന്ന അവരുടെ സീറ്റിനരികിൽ നിന്ന കൗസല്യ, കഴുത്തിനു പിന്നിലൂടെ കയ്യിട്ട് മാല പൊട്ടിക്കുകയായിരുന്നു. മാലയിൽ പിടിച്ചതുകാരണം ലോക്കറ്റും കൊളുത്തും മാത്രമേ മോഷ്ടാവിന്റെ കയ്യിൽ കിട്ടിയുള്ളൂ. ബഹളം കൂട്ടിയ ഉടനെ കണ്ടക്ടർ നാടോടി സ്ത്രീയെ തടഞ്ഞുവച്ചശേഷം സ്റ്റേഷനിലേക്ക് ബസ്സ് വിടുവിപ്പിക്കുകയായിരുന്നെന്ന് അവർ പൊലീസിന് മൊഴി നൽകി.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ വിലാസം കൃത്യമായി പറയാതിരുന്ന സ്ത്രീയെ പിന്നീട് വനിതാ പൊലീസിനെ ക്കൊണ്ട് വിശദമായി ചോദ്യം ചെയ്യിപ്പിച്ചപ്പോൾ കുറ്റം സമ്മതിക്കുകയും, കൈക്കുള്ളിൽ ചുരുട്ടി വച്ച 02.420 ഗ്രാം തൂക്കം വരുന്ന കൊളുത്തും ലോക്കറ്റും പൊലീസ് കണ്ടെടുക്കുകയുമായിരുന്നു.

പ്രതിയുടെ കൈവശമുണ്ടായിരുന്ന വാച്ച് അടങ്ങിയ ബാഗും കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പം കൂട്ടാളികൾ ഉണ്ടോ, നാടോടിസ്ത്രീക്ക് വേറെയും കേസുകൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പന്തളം പൊലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ , എസ് ഐ ബി എസ് ശ്രീജിത്ത്,എസ് സി പി ഓ രാജു, സി പി ഓമാരായ ബിനു, അൻവർഷാ, ജയലക്ഷ്മി, രോഹിണി, ക്രിസ്റ്റി എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.