തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കു സാധ്യത. മാന്നാര്‍ കടലിടുക്കിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണമായത്. വളരെ കുറഞ്ഞ സമയത്ത് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഉച്ചയ്ക്കു ശേഷം കിഴക്കന്‍ മേഖലയില്‍ മിന്നലോടു കൂടിയ മഴ ലഭിക്കും. ഈ മാസം ലഭിക്കേണ്ട ശരാശരി മഴ 153.1 മില്ലിമീറ്റര്‍ ആണെങ്കിലും ഇത്തവണ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, പകല്‍ താപനില വര്‍ധിക്കാനും സാധ്യതയുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 5 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിന്നലോടുകൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് ഇന്നു മീന്‍പിടിത്തത്തിനു വിലക്കേര്‍പ്പെടുത്തി .

ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ കുണ്ടള അണക്കെട്ടില്‍ റെഡ് അലര്‍ട്ടും തൃശൂരിലെ ഷോളയാര്‍ അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ടും ഇടുക്കിയിലെ മാട്ടുപ്പെട്ടി, ആനയിറങ്കല്‍ ഡാമുകളില്‍ നീല അലര്‍ട്ടും പ്രഖ്യാപിച്ചു.

ചക്രവാതച്ചുഴി, മഴ, യെല്ലോ അലേര്‍ട്ട്, ജാഗ്രത, rain