പുതുപ്പള്ളി: ജനങ്ങളെ നേരിട്ടുകണ്ട് നന്ദി അറിയിക്കാൻ ചാണ്ടി ഉമ്മൻ പദയാത്രയിൽ. വാകത്താനം പഞ്ചായത്തിൽ പത്തുമണിയോടെയായിരുന്നു പദയാത്രയുടെ തുടക്കം. മഴ വകവയ്ക്കാതെയാണ് പദയാത്ര.

ഭാരത് ജോഡോ യാത്രയിൽ നിന്ന് ലഭിച്ച ആത്മവിശ്വാസമാണ് പുതുപ്പള്ളിയിലെ പദയാത്രയ്ക്ക് ശക്തി നൽകിയതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. എംഎൽഎ ആയതിന് ശേഷം പുതുപ്പള്ളിയിലെ ആദ്യ പ്രവർത്തനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, 'പുതുപ്പള്ളിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി വിഭാവനം ചെയ്തത് യു.ഡി.എഫ്. സർക്കാരാണ്. അത് പൂർണമാകേണ്ടതുണ്ട്. അതിന് സർക്കാരിന്റെ പിന്തുണവേണം. അതിനുവേണ്ടി ശ്രമം നടത്തും', എന്നായിരുന്നു മറുപടി.

53 വർഷം ഉമ്മൻ ചാണ്ടി ഭരിച്ചിട്ടും പുതുപ്പള്ളിയിൽ എംഎ‍ൽഎ. ഓഫീസ് ഉണ്ടായിരുന്നില്ല, ചാണ്ടി ഉമ്മൻ എംഎ‍ൽഎ. ഓഫീസ് തുടങ്ങുമോ എന്ന ചോദ്യത്തിന്, 'സമയാകുമ്പോൾ തീരുമാനിക്കാം' എന്നായിരുന്നു മറുപടി. വണ്ടിയിൽ എംഎ‍ൽഎ. ബോർഡ് വെക്കുമോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നും ചാണ്ടി ഉമ്മൻ മറുപടി പറഞ്ഞു.