കോട്ടയം: ബി. ഉണ്ണികൃഷ്ണൻ്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ 'പ്രതിഛായ' മികച്ച ചലച്ചിത്രമെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. സിനിമ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിന് നല്ലൊരു ഒറിജിനാലിറ്റി ഉണ്ടെന്നും സിനിമയിലായാലും ജീവിതത്തിലായാലും അപ്പയാണ് തന്റെ ഹീറോയെന്നും അദ്ദേഹം പറഞ്ഞു.

"മികച്ചൊരു സിനിമയാണിത്. നമ്മുടെ നാട്ടിൽ നടന്ന ചില രാഷ്ട്രീയ സംഭവങ്ങളുടെ ചലച്ചിത്ര ആവിഷ്കാരമാണിതെങ്കിലും ഇതിനെ ഒരു ഫിക്ഷനായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മികച്ച രീതിയിലുള്ള പരിശ്രമം സിനിമയ്ക്ക് പിന്നിലുണ്ട്. സംവിധായകനും സംഘത്തിനും അഭിനന്ദനങ്ങൾ. നിവിൻ പോളി ഉൾപ്പെടെയുള്ളവരുടെ പ്രകടനം വളരെ സ്വാഭാവികമായിരുന്നു."

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സുപ്രധാന സംഭവവികാസങ്ങളെ കോർത്തിണക്കിയാണ് ബി. ഉണ്ണികൃഷ്ണൻ ചിത്രം ഒരുക്കിയിരിക്കുന്നത്. വെറും രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ കേരളം ഭരിക്കുന്ന പാർട്ടിയുടെ മുഖ്യമന്ത്രിയായ കെ.എൻ. വർഗീസ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി. ഇലുമിനേഷൻസ് എൽഎൽപിയും ചേർന്ന് നിർമിച്ച ഈ ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. നിവിൻ പോളിക്കൊപ്പം ഷറഫുദ്ദീൻ, ബാലചന്ദ്ര മേനോൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇവരെ കൂടാതെ ആൻ അഗസ്റ്റിൻ, സായ് കുമാർ, നിശാന്ത് സാഗർ, നീതു കൃഷ്ണ, വിഷ്ണു അഗസ്ത്യ, സബിത ആനന്ദ്, ആർജെ വിജിത, വൈശാഖ് ശങ്കർ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.