- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനക്കമ്പനികളുടെ നിരക്കിനേക്കാൾ ഗൾഫിൽ നിന്നും ചാർട്ടേഡ് ഫ്‌ളൈറ്റുകൾ ലഭ്യമാണോ എന്നത് പരിശോധിക്കും; വിമാനക്കമ്പനികളുമായി ചർച്ച നടത്തുമെന്ന് സർക്കാർ
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ യാത്രാ പ്രശ്‌നത്തിൽ ഇടപെടലുമായി സംസ്ഥാന സർക്കാർ. ഇന്ത്യയിൽ നിന്നുള്ള വിമാനക്കമ്പനികളുടെ നിരക്കിനേക്കാൾ കുറവിൽ ഗൾഫിൽ നിന്നും ചാർട്ടേഡ് ഫ്‌ളൈറ്റുകൾ ലഭ്യമാണോ എന്നത് പരിശോധിക്കും. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകനയോഗത്തിലാണ് തീരുമാനം.
ഇതിന്റെ ആദ്യപടിയായി വിമാനകമ്പനിയുമായി പ്രാഥമിക ചർച്ച നടത്താൻ യോഗത്തിൽ തീരുമാനമായി. ഇതിനായി സിയാൽ എംഡിയേയും നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയേയും യോഗം ചുമതലപ്പെടുത്തി. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ ചാർട്ടേഡ് വിമാനങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനമുള്ള കമ്പനികളുമായാണ് ചർച്ച. പ്രാഥമിക ചർച്ചകൾക്കു ശേഷം അനുമതിക്കായി കേന്ദ്രവ്യോമയാന മന്ത്രാലയത്തെ സമീപിക്കാനും യോഗത്തിൽ തീരുമാനിച്ചു. വിമാന സർവീസുകൾക്കു പുറമേ കപ്പൽമാർഗമുള്ള യാത്രാസാധ്യതകൾ സംബന്ധിച്ചും യോഗം വിലയിരുത്തി.
ഗൾഫ് മേഖലയിൽ നിന്നും നാട്ടിലേയ്ക്കു വരുന്ന സാധാരണക്കാരായ പ്രവാസികൾക്ക് സഹായകരമാകുന്ന തരത്തിൽ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. ഇതിന്റെ തുടർനടപടി എന്ന നിലയിലാണ് അവലോകനയോഗം ചേർന്നത്.
ഓൺലൈനായി ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വന്ത് സിൻഹ, ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, സിയാൽ എംഡിഎസ് സുഹാസ്, കിയാൽ എംഡി ദിനേഷ് കുമാർ, നോർക്ക റൂട്ട്സിൽ നിന്നും റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി കെ, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി എന്നിവർ സംബന്ധിച്ചു.




