- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ സ്റ്റുഡന്റ്‌സ് സഭ ചേലക്കരയിൽ; കക്ഷി രാഷ്ട്രീയത്തിനതീതമായി സഭ പ്രവർത്തിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ
ചേലക്കര: വിദ്യാർത്ഥികളെ ജനാധിപത്യ, വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ പാർലമെന്ററികാര്യ വകുപ്പിന് കീഴിലുള്ള പാർലമെന്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന നൂതന ആശയമായ സ്റ്റുഡന്റ്‌സ് സഭയ്ക്ക് ചേലക്കര മണ്ഡലത്തിൽ നിന്ന് തുടക്കം കുറിക്കും. സ്റ്റുഡന്റ്‌സ് സഭ കക്ഷി രാഷ്ട്രീയത്തിന് അതീതമായ പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുകയെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ചേലക്കര നിയോജക മണ്ഡലം സ്റ്റുഡന്റ്സ് സഭ നയരൂപീകരണ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ ജനാധിപത്യബോധമുള്ള വിദ്യാർത്ഥി തലമുറയുടെ പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഭ പ്രവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നവംബർ മാസത്തോടെയാണ് പദ്ധതിക്ക് തുടക്കമാവുക.
വികസന പ്രവർത്തനങ്ങളെക്കുറിച്ച് പത്ത് മേഖലകളിലായി വിദ്യാർത്ഥികൾ ചേലക്കര മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകളിലും സർവ്വെ നടത്തും. സർവ്വെ നടത്തുന്നതിന് വേണ്ടിയുള്ള വർക്ക് ഷോപ്പുകൾ ഒൻപത് പഞ്ചായത്തുകളിലും പാർലമെന്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. സർവ്വെ വിവരങ്ങൾ ഏകോപിപ്പിച്ച് വിശദമായ പദ്ധതി തയ്യാറാക്കി നവംബറിൽ സെമിനാർ സംഘടിക്കുമെന്ന് പദ്ധതി വിശദീകരിച്ച പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. യു.സി ബിവീഷ് പറഞ്ഞു.
തോന്നൂർക്കര എം.എസ്.എൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മണ്ഡലത്തിലെ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി, പോളിടെക്നിക്ക്, കോളേജ്, ഐ.ടി.ഐ, ബി.എഡ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ, സ്ഥാപന മേധാവികൾ, പി.ടി.എ പ്രസിഡന്റ്, എംപി.ടി.എ പ്രതിനിധികൾ, എസ്.എം.സി ചെയർമാന്മാർ തുടങ്ങിയവർ പങ്കെടുത്തു.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ എം.കെ പത്മജ, പി.പി സുനിത, ഗിരിജ മേലേടത്ത്, ഷെയ്ക്ക് അബ്ദുൾ ഖാദർ, കെ. ശശിധരൻ, കെ. പത്മജ, ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ സോണി എബ്രഹാം, എസ്.എസ്.കെ പഴയന്നൂർ ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.



