കൊച്ചി: ചെല്ലാനം ഗ്രാമത്തെ കടലാക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ ഉള്ള ടെട്രാപോഡ് നിർമ്മാണം 71 ശതമാനം പൂർത്തിയായി. 344.2 കോടി രൂപയാണ് ജലസേചന വകുപ്പ് ആദ്യ ഘട്ടത്തിനായി അനുവദിച്ചത്.

ഹാർബർ മുതൽ പുത്തൻതോട് വരെയുള്ള പ്രദേശങ്ങളിൽ നിലവിൽ കടൽ ക്ഷോഭ ഭീഷണിയിൽ നിന്ന് സംരക്ഷണം ഒരുക്കാൻ കടൽ ഭിത്തി നിർമ്മാണത്തോടെ സാധിച്ചു. കടൽ ക്ഷോഭം കൂടുതൽ ബാധിക്കുന്ന പ്രദേശങ്ങൾക്ക് മുൻഗണന നൽകിയാണ് ടെട്രാപോഡുകൾ സ്ഥാപിക്കുന്നത്. 2023 ഏപ്രിലിന് മുൻപായി 7.32 കിലോമീറ്റർ കടൽഭിത്തി നിർമ്മാണം പൂർത്തിയാക്കാനാണു ലക്ഷ്യം. വാക് വേ നിർമ്മാണവും പുരോഗമിക്കുന്നു.

ചെല്ലാനം ഹാർബർ മുതൽ കണ്ണമാലി വരെയുള്ള ഏഴ് കിലോമീറ്റർ കടലോരത്താണ് ആദ്യഘട്ട നിർമ്മാണം. മുംബൈ മറൈൻ ഡ്രൈവ്, പോണ്ടിച്ചേരി തുടങ്ങിയ ഇടങ്ങളിൽ സ്ഥപിച്ചിരിക്കുന്ന ടെട്രാപോഡുകൾ ഉപയോഗിച്ചാണ് കടൽഭിത്തി കെട്ടുന്നത്. രണ്ടര മീറ്ററോളം ഉയരത്തിൽ കരിങ്കല്ല് പാകിയതിന് മുകളിലാണ് ടെട്രോപോഡുകൾ സ്ഥാപിക്കുന്നത്. 2.5 ടൺ, 3.5 ടൺ ഭാരമുള്ളവയാണ് ടെട്രാപോഡുകൾ. അതുകൊണ്ട് ഇവയ്ക്ക് ശക്തമായ കടലേറ്റത്തെ ചെറുക്കാനാകും.

ചെല്ലാനം ഹാർബർ ഭാഗത്താണ് ടെട്രോപോഡുകളുടെ നിർമ്മാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘത്തിനാണ് നിർമ്മാണ ചുമതല. നാലായിരത്തിലധികം ടെട്രോപോഡുകളുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു.

മഴയെത്തുന്നതിന് മുമ്പ് കടലേറ്റം ശക്തമായ മേഖലയിൽ കടൽഭിത്തി നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ടെട്രാപോഡുകൾ ഉപയോഗിച്ച് ഭിത്തി കെട്ടുന്നതിനാൽ സുരക്ഷിതത്വത്തിനൊപ്പം ഭാവിയിൽ മേഖലയിൽ ടൂറിസം സാധ്യതയും ഉയരുമെന്നാണ് പ്രതീക്ഷ.