കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലക്കേസില്‍ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറെടുപ്പുമായി പോലീസ്. കേസ് ഫാസ്റ്റ് കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പോലീസ് കത്തു നല്‍കി. അതിനായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും. വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി പൊലീസ് മുപ്പതാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു.

മുനമ്പം ഡി.വൈ.എസ്.പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കേസില്‍ ആയിരം പേജുകളുള്ള കുറ്റപത്രമാണ് തയ്യാറാക്കിയത്. 112 സാക്ഷികളും 60 തെളിവുകളും അന്വേഷണ സംഘം ഉള്‍പ്പെടുത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും കുട്ടികളുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായകം.

പ്രതി ഋതു കൊലപാതകം നടത്താന്‍ ഉറപ്പിച്ചാണ് സ്ഥലത്തെത്തിയതെന്നും കടുത്ത വൈരാഗ്യമാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണമുറപ്പിക്കാന്‍ മൂന്നുപേരുടെയും തലയില്‍ നിരവധി തവണ കമ്പി വടി കൊണ്ടടിച്ചു.

കേസില്‍ പ്രതിക്ക് കുറ്റബോധമില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ആക്രമണം നടക്കുമ്പോള്‍ പ്രതി ലഹരി വസ്തു ഉപയോഗിച്ചിട്ടില്ലെന്നും മാനസിക വൈകല്യമുള്ള ആളല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവ ദിവസത്തിനും രണ്ട് ദിവസം മുന്‍പ് തന്നെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതി പറഞ്ഞിരുന്നു. പക്ഷേ അയല്‍വാസികള്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ആക്രമണം നടത്താതിരുന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ജനുവരി 16 ന് വൈകിട്ടായിരുന്നു സംഭവം. പേരപ്പാടം കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരെ അയല്‍വാസിയായ ഋതു വീട്ടില്‍ക്കയറി ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ചികിത്സയിലാണ്.