ആലപ്പുഴ: എസ്ഡിപിഐ ബന്ധത്തെ ചൊല്ലി ആലപ്പുഴ സിപിഎമ്മിൽ പൊട്ടിത്തെറി. ചെങ്ങന്നൂർ ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തെത്തുടർന്ന് 38 പാർട്ടി അംഗങ്ങൾ കൂട്ടത്തോടെ രാജി വച്ചു. നാല് ബ്രാഞ്ച് സെക്രട്ടറിമാരും വർഗ ബഹുജന സംഘടനകളുടെ ഭാരവാഹികളുമാണ് കൂട്ടത്തോടെ രാജി വച്ചത്. ലോക്കൽ കമ്മറ്റി സെക്രട്ടറി ഷീദ് മുഹമ്മദിനെതിരെയാണ് പ്രതിഷേധം.

ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദിന്റെ ബിസിനസ് പങ്കാളിയാണ് എസ്ഡിപിഐ നേതാവെന്ന് രാജിക്കത്ത് നൽകിയവർ ആരോപിക്കുന്നു. ലോക്കൽ സെക്രട്ടറിയുടെ സ്വന്തം വാർഡിൽ എസ്ഡിപിഐ ജയിച്ചതിനു പിന്നിലും ഒത്തുകളിയാണെന്നാണ് ആരോപണം. സിപിഎം സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വർഗീയ വിരുദ്ധ സദസ് നടത്താനും ലോക്കൽ സെക്രട്ടറി തയാറായില്ലെന്ന് ആരോപണമുണ്ട്.

ലോക്കൽ സെക്രട്ടറി പകൽ സിപിഎമ്മും രാത്രി എസ്ഡിപിഐയുമെന്ന് രാജിവച്ചവർ ആരോപിക്കുന്നു. ജില്ലാ സെക്രട്ടറിക്ക് നേരിട്ട് രാജിയും സംസ്ഥാന നേതൃത്വത്തിന് പരാതിയും വിട്ട് നിൽക്കുന്നവർ നൽകിയിട്ടുണ്ട്. ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദിനൊപ്പം പോപ്പുലർ ഫണ്ട് നേതാവ് നിൽക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. ആർഎസ്എസ് നേതാവ് വിശാൽ വധക്കേസിലെ രണ്ടാംപ്രതിയാണ് ഇയാൾ.