തിരുവനന്തപുരം: കോൺ?ഗ്രസ് നേതൃത്വത്തെ വിമർശിച്ചുകൊണ്ടുള്ള വി എം സുധീരന്റെ പരസ്യ പ്രസ്താവനയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി തന്നെ പറഞ്ഞിട്ടുള്ളത്. സുധീരനെ പോലുള്ള നേതാക്കളുടെ അഭിപ്രായങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

യുഡിഎഫിൽ യോജിപ്പും ഐക്യവും അനിവാര്യമാണ്. അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളാണുണ്ടാകേണ്ടത്. അത് അനുസരിച്ച് ഒറ്റക്കെട്ടായി പോകണം. കൂട്ടായിട്ടുള്ള ചർച്ചകളിലൂടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന രീതിയാണ് എല്ലാ കാലവും ചെയ്തിട്ടുള്ളത്. ഇപ്പോഴും അത് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ യാതൊരു പ്രശ്‌നവുമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിന് തലവേദനയുണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്. അങ്ങനെയൊരു തലവേദനയും കോൺഗ്രസിനില്ല. വിഷയത്തിൽ പാർട്ടിയെടുക്കുന്ന തീരുമാനം തന്നെയാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.