തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ നടന്നിട്ടില്ലാത്തത്ര തീവെട്ടിക്കൊള്ളയാണ് കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനിടയില്‍ ശബരിമലയില്‍ നടന്നത് എന്നു വ്യക്തമായിക്കൊണ്ടിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ക്ഷേത്രവിശ്വാസമില്ലാത്ത ഒരു കൂട്ടം ആള്‍ക്കാര്‍ ഭക്തജനങ്ങള്‍ നല്‍കിയ കാണിക്ക പോലും അടിച്ചു മാറ്റി കേരളത്തിനകത്തും പുറത്തുമുള്ള അയ്യപ്പഭക്തന്മാരെ ചതിച്ച കഥകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

കേരളത്തില്‍ കഴിഞ്ഞ ഒമ്പതര വര്‍ഷമായി ദേവസ്വം ഭരണം കയ്യാളിയ ദേവസ്വം പ്രസിഡന്റുമാരും ദേവസ്വം മന്ത്രിമാരും ഭക്തി തൊട്ടുതീണ്ടിയിട്ടില്ലാത്തവരോ കപടഭക്തന്മാരോ ആയതു കൊണ്ടാണ് പരിപാവനമായ ശബരിമലയില്‍ പോലും ഭഗവാനു വെച്ച കാണിക്ക പോലും അടിച്ചു മാറ്റുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇവര്‍ വിശ്വാസ സമൂഹത്തെ കബളിപ്പിക്കുകയാണ്. ആചാരലംഘനം അടക്കമുള്ളവയ്ക്കു നേതൃത്വം നല്‍കി. ഇപ്പോള്‍ മുച്ചൂടും മോഷ്ടിച്ചു നശിപ്പിക്കുന്നു.

ഏറ്റവുമൊടുവില്‍ വന്ന പത്രവാര്‍ത്തകള്‍ പറയുന്നത് 1999 ല്‍ വിജയ് മല്യ സ്വര്‍ണം പൂശി നല്‍കിയ ദ്വാരപാലക ശില്‍പങ്ങളാണ് ദേവസ്വം രേഖകളില്‍ ചെമ്പാക്കി വീണ്ടും ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന ബിനാമിക്കു നല്‍കിയത് എന്നാണ്. ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ നിന്ന് ഇളക്കിക്കൊടുത്ത സ്വര്‍ണം പൂശിയ പാളികളല്ല തങ്ങളുടെ അരികില്‍ വന്നത് എന്നും വേറെ ചെമ്പുപാളികളിലാണ് സ്വര്‍ണം പൂശി നല്‍കിയത് എന്നും ഉണ്ണികൃഷ്ണന്‍ പോറ്റിക്കു വേണ്ടി സ്വര്‍ണം പൂശിയ കമ്പനി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് പറയുന്നു. അപ്പോള്‍ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ അവശേഷിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ദേവസ്വം മന്ത്രി വാസവനോട് എനിക്ക് ആറു ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്.

1. 1999 ല്‍ വ്യവസായിയായ വിജയ് മല്യ ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണം പൂശി നല്‍കിയെന്നാണ് വാര്‍ത്തകള്‍. അത് ദേവസ്വം രേഖകളില്‍ എങ്ങനെ ചെമ്പായി? ഈ തിരുത്തലിന് പിന്നില്‍ ആര്..? വിജയ് മല്യയുമായുള്ള കരാര്‍ പൂര്‍ത്തീകരിച്ചതിന്റെ രേഖകള്‍ പുറത്തു വിടാമോ?

2. ശബരിമലയില്‍ സ്വര്‍ണം പൂശാന്‍ എന്ന പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്നയാള്‍ വ്യാപകമായി പണം പിരിച്ചതായി അറിയാമോ..? ഇത്തരത്തില്‍ രാജ്യത്തുടനീളം ശബരിമലയുടെ പേരില്‍ പണം പിരിക്കാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരുന്നോ.. ഇല്ലെങ്കില്‍ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരില്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ല..?

3. ദേവസ്വം മാനുവലും ഹൈക്കോടതി ഉത്തരവും അനുസരിച്ച് ശബരിമലയില്‍ നിന്ന് സ്വര്‍ണം പൂശാന്‍ ഇവയൊന്നും പുറത്തു കൊണ്ടു പോകാന്‍ പാടില്ല. ഇത് ദേവസ്വത്തിനും ദേവസ്വം മന്ത്രിക്കും അറിവുള്ളതാണ്. എന്നിട്ടും ഉണ്ണികൃഷ്ണന്‍ പോറ്റി എന്നയാള്‍ക്ക് ഇതിന് എങ്ങനെ അനുമതി ലഭിച്ചു...? ആരാണ് അനുമതി നല്‍കിയത്....?

4. ഇത്രയും വിലപിടിപ്പുള്ള സ്വര്‍ണം കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടു വരുമ്പോഴും കൃത്യമായി തൂക്കി നോക്കേണ്ടതാണ്. എന്നാല്‍ ഇതൊന്നും സംഭവിച്ചില്ല എന്നാണ് മനസിലാകുന്നത്. തൂക്കത്തില്‍ വന്‍കുറവുണ്ടായി എന്നും മനസിലാകുന്നു. ഇത്രയം നിസാരമായി കൈകാര്യം ചെയ്യണമെങ്കില്‍ കാണാതായ നാലു കിലോയില്‍ ഉന്നതര്‍ക്കടക്കം ഗുണം കിട്ടിയിട്ടുണ്ടാകണം. ഈ ഉണ്ണികൃഷ്ണന്‍ പോറ്റി ആരുടെ ബിനാമിയാണ്..? ശബരിമലയില്‍ അയാള്‍ക്കിത്ര സ്വാധീനം എങ്ങനെ വന്നു..?

5. ശബരിമലയിലെ പീഠം കാണാതായിട്ട് ഏതാണ്ട് പത്ത് വര്‍ഷങ്ങളായി. എന്നിട്ട് ഇത് എന്തു കൊണ്ട് റിപ്പോര്‍ട്ട് ചെയ്തില്ല. എന്തുകൊണ്ടാണ് ഇത്ര വിലപിടിപ്പുള്ള സാധനം കാണാതായിട്ടും ദേവസ്വം ബോര്‍ഡ് ഇതുവരെ പരാതി നല്‍കാതിരുന്നത്. എന്തു കൊണ്ട് ഒരു ഓഡിറ്റിലും ഈ പീഠം കാണാനില്ല എന്ന കാര്യം വന്നില്ല...?

6. വിജയ് മല്യ സ്വര്‍ണം പൂശിയ പാളികള്‍ക്കു പകരം ചെമ്പുപാളികളാണ് സ്വര്‍ണം പൂശാന്‍ തങ്ങളുടെ അടുത്ത് എത്തിച്ചത് എന്ന് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന കമ്പനി പറയുന്നു. അപ്പോള്‍ ആ സ്വര്‍ണപ്പാളികള്‍ എവിടെ.. ആരാണ് അത് മോഷ്ടിച്ചത്.. ഈ മോഷണത്തില്‍ ഇതുവരെ കേസെടുത്തിട്ടുണ്ടോ..

ഇത്ര വലിയ ഒരു മോഷണമാണ് ദേവസ്വം ഇന്റലിജന്റ്സ് എന്ന ഉമ്മാക്കിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നത്. ശബരിമലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പാണ് പിണറായി മന്ത്രിസഭയുടെ കാലത്ത് നടന്നിരിക്കുന്നത്. ഇതോടെ ദേവസ്വം മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ യാതൊരു യോഗ്യതയുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് അയ്യപ്പഭക്തരുടെ രോഷവും സങ്കടവും മാനിച്ച് അടിയന്തരമായി മന്ത്രി വാസവന്‍ സ്ഥാനമൊഴിയണം.

അപ്പത്തിലും അരവണയിലും അഴിമതി നടത്തുമ്പോലെയല്ല ഇത്. ഭഗവാന്റെ മുതല്‍ മോഷ്ടിച്ചാണ് ഇപ്പോള്‍ അഴിമതി. ഇത് ഭക്തജനങ്ങളുടെ വികാരമാണ്. അവരുടെ വിയര്‍പ്പാണ്. അവരുടെ കാണിക്കകളില്‍ നിന്നും പ്രാര്‍ഥനകളില്‍ നിന്നുമാണ് ഈ ക്ഷേത്രങ്ങളില്‍ ഐശ്വര്യം കുമിഞ്ഞു കൂടിയത്. ഈ കപടഭക്തര്‍ ഭഗവാന്റെ ശ്രീകോവിലില്‍ നിന്നു പോലും മോഷണം നടത്തിയിരിക്കുന്നു. ഇതിനു വേണ്ടി ശക്തമായ നിയമങ്ങളെയു കോടതി വിധികളെയും വരെ കാറ്റില്‍ പറത്തി.

ശബരിമലയുടെ കാര്യത്തില്‍ വിപുലമായ അധികാരങ്ങളാണ് കേരള ഹൈക്കോടതിക്ക് ഉള്ളത്

1950 ലെ തിരുകൊച്ചി ദേവസ്വം ആക്് അനുസരിച്ച് ഓഡിറ്റ് നടത്താനുള്ള അധികാരവും, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ നീക്കം ചെയ്യാനുള്ള അധികാരവും ഹൈക്കോടതിക്കുണ്ട്. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേയും, ശബരിമലയിലേയും ക്രമക്കേടും, അഴിമതിയും അന്വേക്കുന്നതിനായി 1990 ല്‍ ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ അദ്ധ്യക്ഷനായ ദേവസ്വം ബഞ്ച് മുന്‍ ചീഫ് സെക്രട്ടറി വി രാമചന്ദ്രന്‍ ചെയര്‍മാനായ ഒരു കമ്മറ്റി രൂപീകരിച്ചിരുന്നു.

ഈ കമ്മിറ്റി 1991 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതിലെ ഒരു പ്രധാന നിര്‍ദേശമായിരുന്നു ശബരിമലയുടെ കാര്യങ്ങള്‍ക്കായി ഒരു ജില്ലാ ജഡ്ജിയെ സ്പെഷ്യല്‍ കമ്മീഷണര്‍ ആയി നിയമിക്കണം എന്നുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ സ്വീകരിക്കേണ്ട എല്ലാപ്രധാന നടപടികളും, തീരുമാനങ്ങളും സ്പെഷ്യല്‍ കമ്മീഷണര്‍ മുഖേന ഹൈക്കടതിയെ അറിയിച്ച് ഉത്തരവ് വാങ്ങേണ്ടതുണ്ട്. ഈ രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി അംഗീകരിച്ച് ഉത്തരവായിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതി ഉത്തവുകള്‍ക്കും, തീരുമാനങ്ങള്‍ക്കും വിരുദ്ധമായിട്ടാണ് ശബരിമലയില്‍ കാര്യങ്ങള്‍ നടക്കുന്നത്. ശബരിമലയില്‍ എന്ത് തീരുമാനം എടുക്കുന്നതിനും ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചിന്റെ അനുമതി വേണം. ദേവസ്വം മാന്വല്‍, സബ് ഗ്രൂപ്പ് മാന്വല്‍ എന്നിവ പ്രകാരമാണ് ശബരിമല ഉള്‍പ്പെടെ ക്ഷേത്രങ്ങളിലെ വിലപിടുപ്പുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്യേണ്ടത്

2019 മുതല്‍ ഇന്നേവരെ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമാണ്. 2019 മുതല്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിമാര്‍, ദേവസ്വംബോര്‍ഡ് പ്രസിഡന്റ്, മെമ്പര്‍മാര്‍, ഉദ്യോഗസ്ഥന്മാര്‍ എന്നിവരെല്ലാം ഇക്കാര്യത്തില്‍ കുറ്റക്കാരാണ്. അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചിന്റെ നേതൃത്വത്തില്‍ സാമ്പത്തിക തട്ടിപ്പ് , മോഷണം തുടങ്ങിയ കുറ്റങ്ങള്‍ അടക്കം ചേര്‍ത്ത് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇപ്പോള്‍ നടന്നിട്ടുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കണം. ഹൈക്കോടതി ഉത്തരവ് ലംഘിച്ച നടത്തിയ ക്രമക്കേട് ആയതിനാല്‍ കോടതി അലക്ഷ്യത്തിനും കേസ് എടുക്കണം.