മലപ്പുറം: വണ്ടൂർ താലൂക്കാശുപത്രിയിൽ ഒന്നര വയസുള്ള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനൽകിയതായി പരാതി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിന് ചുമക്കുള്ള മരുന്നിന് പകരം വേദനയ്ക്കുള്ള മരുന്ന് നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് അവശ നിലയിലായ കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന താൽക്കാലിക നഴ്‌സ് മരുന്ന് മാറിനൽകിയെന്നാണ് റിപ്പോർട്ട്. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

കാപ്പിൽ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തത്. എച്ച്എംസി നിയമിച്ച താൽക്കാലിക നഴ്‌സാണ് ചുമതലയിൽ ഉണ്ടായിരുന്നത്. നഴ്സിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി ആശുപത്രിയിൽ എത്തി.

പരാതി കിട്ടിയാലുടൻ വിശദമായ അന്വേഷണം നടത്തുമെന്നും വീഴ്ച പറ്റിയതായി കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ നടപടി എടുക്കുമെന്നും എച്ച്എംസി ചെയർമാൻ കൂടിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ ഹസ്‌കർ ആമയൂർ, ആരോഗ്യ സ്ഥിര സമിതി അധ്യക്ഷൻ വി ശിവശങ്കരൻ എന്നിവർ അറിയിച്ചു.