തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയി തിരിച്ചെത്തിയ ഹനുമാൻ കുരങ്ങിനെ മയക്കുവെടി വയ്ക്കില്ലെന്ന് മന്ത്രി ചിഞ്ചുറാണി. കുരങ്ങ് സ്വയം മരത്തിൽ നിന്ന് ഇറങ്ങുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മൃഗശാലയിൽനിന്ന് പുറത്തു ചാടിയ ഹനുമാൻകുരങ്ങ് മൃഗശാലാ കോമ്പൗണ്ടിൽ ഇന്നലെ തിരിച്ചെത്തിയിരുന്നു. മൃഗശാലയുടെ ഉള്ളിൽ തന്നെയുണ്ടെങ്കിലും കുരങ്ങ് കൂട്ടിൽ കയറിയിട്ടില്ല.

'ഹനുമാൻ കുരങ്ങിന് പ്രദേശവുമായി ബന്ധം വേണം. തുറന്നിട്ടാണ് അവയെ വളർത്തേണ്ടത്. ക്വാറന്റൈൻ നിബന്ധനകൾ ഉള്ളതിനാലാണ് അവയെ കൂട്ടിലടച്ചത്. എന്നാൽ കഴിഞ്ഞ ദിവസം കുറച്ച് സമയം തുറന്നുവിട്ട സമയത്താണ് പെൺ കുരങ്ങ് ഓടിപ്പോയത്. ജോഡി ഇവിടെയുള്ളതിനാൽ നന്തൻകോട് പ്രദേശത്തൊക്കെ കറങ്ങി തിരിച്ച് ഇവിടെ തന്നെ എത്തിയിട്ടുണ്ട്. ഇവിടെ സുരക്ഷിതമായി ഇരിക്കുകയാണ്. അതിനെ മയക്കുവെടി വെക്കേണ്ടതില്ല. ആഹാരങ്ങൾ എല്ലാം നൽകുന്നുണ്ട്. അത് തനിയെ താഴെ ഇറങ്ങിവരും. ഇവിടെ നിന്ന് എങ്ങും പോകില്ല'- മന്ത്രി പറഞ്ഞു.

മൃഗശാലാ ജീവനക്കാരുടെ നേതൃത്വത്തിൽ നടന്ന തിരച്ചിലിലാണ് കുരങ്ങ് മൃഗശാലയിൽ തിരിച്ചെത്തിയതായി കണ്ടെത്തിയത്. കുരങ്ങിനെ നിരീക്ഷിക്കാനായി ജീവനക്കാരെ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച മന്ത്രി ജെ ചിഞ്ചുറാണിയുടെ സാന്നിധ്യത്തിൽ പുതുതായെത്തിയ സിംഹങ്ങളെയും ഹനുമാൻ കുരങ്ങുകളെയും പ്രദർശനത്തിനായി തുറന്ന കൂട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് തിരുപ്പതിയിൽനിന്നും പുതുതായി കൊണ്ടുവന്ന ഒരു ജോഡി ഹനുമാൻകുരങ്ങുകളിലെ പെൺകുരങ്ങ് കോമ്പൗണ്ടിന് പുറത്തേക്ക് ചാടിപ്പോയത്.