മൂന്നാർ: ഇടുക്കി ചിന്നക്കനാൽ സിങ്കുകണ്ടത്ത് വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ. മുമ്പ് നോട്ടീസ് നൽകിയ 12 പേരുടെ കൈവശമുണ്ടായിരുന്ന 16 ഏക്കർ ഭൂമിയാണ് ദൗത്യസംഘം ഏറ്റെടുത്തത്. രാവിലെ ആറരയോടെയാണ് ദൗത്യസംഘം സിങ്കുകണ്ടത്തെത്തിയത്. കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

പ്രതിഷേധത്തെക്കുറിച്ച് അറിഞ്ഞതോടെ ദേവികുളം എംഎൽഎ എ രാജയും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരുമായി എംഎൽഎയും ഇടുക്കി സബ് കലക്ടറും സംസാരിച്ചു. ഏറ്റെടുത്ത സ്ഥലത്ത് താമസിക്കുന്നആരെയും ഇറക്കിവിടില്ലെന്ന് സബ് കലക്ടർ അറിയിച്ചു.

വീടുള്ള സ്ഥലത്ത് സർക്കാർ ഭൂമി എന്നുള്ള ബോർഡ് വെക്കില്ലെന്നും ഇടുക്കി സബ് കലക്ടർ അരുൺ എസ് നായർ പറഞ്ഞു. ആൾതാമസമില്ലാത്ത ഒരു സ്ഥലത്തു മാത്രമാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. കോടതിയെ ഒഴിപ്പിക്കാൻ റവന്യൂ വകുപ്പ് നടത്തുന്ന നാടകമാണ് ഇപ്പോഴത്തേതെന്ന് നാട്ടുകാർ പറയുന്നു.