ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളിലെത്തിയെങ്കിലും നഗരം സന്ദര്‍ശിക്കാന്‍ സാധിക്കാത്ത സങ്കടം പങ്കുവെച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം. സിറ്റി ടൂര്‍ നടത്തണമെന്ന ആഗ്രഹത്തോടെയാണ് ചിന്തയും സംഘവും എത്തിയതെങ്കിലും ട്രാന്‍സിറ്റ് വിസയില്ലാത്തതിനാല്‍ അതിന് സാധിക്കാതെ വിമാനത്താവളത്തില്‍ തന്നെ ചിലവഴിക്കേണ്ടി വരികയായിരുന്നു. ഇക്കാര്യം ചിന്ത തന്നെയാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി അറിയിച്ചത്.

'ഇസ്താംബൂള്‍ ശരിക്കും കാണേണ്ട സ്ഥലമാണ്. എയര്‍പോര്‍ട്ടിന് പുറത്തിറങ്ങി സിറ്റി ടൂര്‍ നടത്തണമെന്ന ആഗ്രഹമുണ്ടായിരുന്നു. ടര്‍ക്കിഷ് എയര്‍ലൈന്‍സിന് അങ്ങനെയൊരു പാക്കേജുമുണ്ട്. എന്നാല്‍ ഞങ്ങളാരും ട്രാന്‍സിറ്റ് വിസ എടുത്തിട്ടില്ലായിരുന്നു. അതിനാല്‍ തന്നെ എയര്‍പോര്‍ട്ടില്‍ തന്നെ നിന്ന് ഇവിടെയൊക്കെ ചുറ്റിക്കാണുകയാണ്. ട്രാന്‍സിറ്റ് വിസ എടുക്കാത്തത് ഒരു നഷ്ടമാണെന്ന് 14 മണിക്കൂറിനിടെ മനസിലായി. കുഞ്ഞിലെ മുതല്‍ കേള്‍ക്കുന്നതല്ലേ, ഹിസ്റ്ററിയിലൊക്കെ പഠിക്കുകയും ചെയ്തു കോണ്‍സ്റ്റാന്റിനോപ്പിള്‍, സിറ്റി ഒഫ് സെവന്‍ ഹില്‍സ്. പക്ഷേ ഇപ്പോള്‍ എയര്‍പോര്‍ട്ടില്‍ തന്നെ നില്‍ക്കാനെ സാധിക്കുന്നുള്ളൂ.

എംബസി വഴി പ്രത്യേകമായി വിസയ്ക്ക് അപേക്ഷിക്കേണ്ടിയിരുന്നു.മറ്റൊരവസരത്തില്‍ ഇസ്താംബൂളിലിറങ്ങി നാട് കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല, ഇവിടത്തെ ആഹാരം വളരെ പ്രത്യേകതയുള്ളതാണ്. കൊല്ലത്തെ ജില്ലാ കമ്മിറ്റി ഓഫീസിന് തൊട്ടടുത്ത് ഇസ്താംബൂള്‍ ഗ്രില്‍സ് ഉണ്ട്. ഞങ്ങള്‍ ഇടയ്ക്ക് അവിടെ പോകാറുണ്ട്. ആ രുചി തന്നെയാണോ എന്നറിയാന്‍ ഇവിടത്തെ ആഹാരം കഴിച്ച് നോക്കണം. 14 മണിക്കൂറിന് ശേഷം ഹവാനയിലേയ്ക്ക് പോവുകയാണ്'- ഫേസ്ബുക്ക് വീഡിയോയില്‍ ചിന്ത ജെറോം പറഞ്ഞു.