ചിറ്റാറില്‍ സ്വകാര്യ ബസിന് മുകളില്‍ മരം വീണു; യാത്രക്കാര്‍ രക്ഷപ്പെട്ടു; പത്തനംതിട്ടയില്‍ നിരവധി വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം കടപുഴകി
- Share
- Tweet
- Telegram
- LinkedIniiiii
പത്തനംതിട്ട: ചിറ്റാറില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ മരച്ചില്ല വീണ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്ക് തേക്കുമരം കടപുഴകി. ഇന്നലെ രാവിലെ 7.45 ഓടെ കാരിക്കയം മുതലവാരത്തിനു സമീപം വയ്യാറ്റുപുഴയില്നിന്നും പന്തളത്തേക്ക് സര്‍വീസ് നടത്തിയ 'ആവേമരിയ' ബസിനു മുകളിലാണ് റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന മരച്ചില്ല വീണത്. ബസിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നു. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
വടശേരിക്കര ചിറ്റാര്‍ പാതയില്‍ അപകടകരമായ രീതിയില്‍ മരങ്ങള്‍ റോഡിനോടു ചേര്‍ന്നു നില്‍ക്കുന്നുണ്ടെങ്കിലും സമയബന്ധിതമായി മരങ്ങള്‍ മുറിച്ചു മാറ്റാത്തതിനാല്‍ വന്‍ അപകടമാണ് പതിയിരിക്കുന്നത്. വനം വകുപ്പിന്റെ ഭാഗത്തുനിന്നും കാട്ടുന്ന അലംഭാവമാണ് അതിനുകാരണമെന്ന് യാത്രക്കാര്‍ പറഞ്ഞു. നിരവധി സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളും സ്കൂള്‍ ബസുകളടക്കം മറ്റു വാഹനങ്ങളും കടന്നുപോകുന്ന പാതയാണിത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ പിന്നിലെ ഡോക്ടേഴ്സ് ലെയ്ന്‍ റോഡില്‍ തേക്ക് മരം കടപുഴകി ഓട്ടോറിക്ഷയുടെയും കാറിന്റെയും മുകളില്‍ വീണു. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കു മുകളിലേക്കാണ് മരം വീണത്. ഭാഗികമായ തകരാറുകള്‍ ഇവയ്ക്കുണ്ടായി. മരം വീണു വൈദ്യുതലൈനുകളും പോസ്റ്റും തകര്‍ന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. അഗ്നിരക്ഷാ സേന എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ജനറല്‍ ആശുപത്രിയില്‍ കെട്ടിടം പണി നടക്കുന്നതിനാല്‍ ആശുപത്രിയിലേക്കുള്ള ആംബുലന്‍സുകളടക്കമുള്ള വാഹനങ്ങള്‍ ഡോക്ടേഴ്സ് ലെയ്ന്‍ റോഡ് വഴിയാണ് പോകുന്നത്. വീതി കുറഞ്ഞ റോഡിന്റെ ഒരു ഭാഗത്ത് നിരവധി മരങ്ങളാണ് അപകടാവസ്ഥയില്‍ നില്‍ക്കുന്നത്.