കല്‍പ്പറ്റ: വന്‍ ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലേക്ക് കരസേന, നാവികസേന, വ്യോമസേന സംഘം എത്തുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ദക്ഷിണേന്ത്യയിലെ എല്ലാ സ്റ്റേഷനുകളിലും അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫ് ടീമുകള്‍ കേരളത്തിന് പുറത്ത് നിന്നും എത്തും. എല്ലാ കേന്ദ്ര സേനകളോടും ഇടപെടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ പ്രതിനിധി വയനാട്ടിലേക്ക് ഉടനെത്തുമെന്നും ആരെന്ന് സംബന്ധിച്ചടക്കം ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഇതിനിടെ വയനാട് മേപ്പടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ല മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ആളുകള്‍ക്ക് കൃത്യമായി ഇപ്പോഴും അവിടെ എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല.എയര്‍ ഫോഴ്‌സ് ഉള്‍പ്പെടെ എല്ലാ സന്നാഹങ്ങളും അവിടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഫലപ്രദമായി കാര്യങ്ങള്‍ നീക്കാന്‍ പറ്റുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ കൃത്യമായി പറയാന്‍ പറ്റാത്ത അവസ്ഥയുണ്ട്. കുറച്ചുകൂടി കഴിഞ്ഞാല്‍ ആണ് കാര്യങ്ങളെല്ലാം വ്യക്തമാവുകയുള്ളൂ. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും വിളിച്ചുവെന്നും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യങ്ങളോട് പ്രതികരിച്ചു.

അതിനിടെ വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ധനസഹായം.