ന്യൂഡൽഹി: രാജ്യത്തെ സർവകലാശാലകളിൽ ഉപരിപഠനം നടത്തുന്ന ക്രൈസ്തവ വിദ്യാർത്ഥികൾക്ക് വേണ്ടി, ഡൽഹി സർവകലാശാല കേന്ദ്രമാക്കി പുതിയ ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം തുടങ്ങി. മാർച്ച് മാസത്തിൽ ഡൽഹി സർവകലാശാലയിൽ കൂടിയ ക്രൈസ്തവ വിദ്യാർത്ഥികളുടെ ആദ്യ മീറ്റിംഗിൽ യൂണിവേഴ്‌സിറ്റി ക്രിസ്ത്യൻ സ്റ്റുഡൻസ് ഫെഡറേഷൻ ( UCSF)എന്ന സംഘടന സ്ഥാപിച്ചു.

ദേശീയ ഭാരവാഹികളെ പ്രസ്തുത മീറ്റിംഗിൽ തിരഞ്ഞെടുത്തു. ഡെന്നി സെയിൽസ് (പ്രസിഡന്റ്) ദീപ ഇമ്മാനുവൽ (ജനറൽ സെക്രട്ടറി) എഡ്വിൻ ഷാജി (ട്രഷറർ), നാഷണൽ ഓർഗനൈസിങ് സെക്രട്ടറിമാരായി ആന്റണി ജോസഫ്(പബ്ലിക് റിലേഷൻസ് ) ,സോന ഡേവിസ് (സ്‌പോൺസർഷിപ്പ്), അഖില അഗസ്റ്റിൻ (മീഡിയ) തുടങ്ങിയവരെയുമാണ് തിരഞ്ഞെടുത്തത്.

ഭാരതത്തിലെ ക്രൈസ്തവ മൂല്യങ്ങളെയും പൈതൃകങ്ങളെയും അടിസ്ഥാനമാക്കിക്കൊണ്ട് ഇന്ത്യയിൽ ഉടനീളം ഉള്ള സർവകലാശാലകളിലെയും കോളേജുകളിലെയും ക്രൈസ്തവ വിദ്യാർത്ഥികളെ സംഘടിപ്പിക്കാനും സമുദായ നിലപാടുകളോട് ചേർത്തുനിർത്തുവാനും, അതോടൊപ്പം, സാമൂഹിക , രാഷ്ട്രീയ, വിദ്യാഭാസ, മാനസിക ശാക്തികരണങ്ങൾക്ക് സഹായിക്കുവാനും, തുടങ്ങിയവയാണ് സംഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങൾ.

കേരളത്തിലെ എല്ലാ സഭാ വിഭാഗങ്ങളിലെയും മറ്റ് ഇതര ക്രൈസ്തവ സമൂഹങ്ങളിലെയും വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്നതാണ് സംഘടന എന്ന് ദേശീയ കമ്മിറ്റി പ്രത്യേകം കൂട്ടിച്ചേർത്തു.