ചന്ദനപ്പള്ളി: സെന്റ് ജോർജ് മലങ്കര തീർത്ഥാടന കത്തോലിക്ക ദേവാലയത്തിലെ തിരുന്നാളിന് സ്വന്തം നാടകം അവതരിപ്പിക്കാനൊരുങ്ങി ഇടവകാംഗങ്ങൾ. നാളെ രാത്രി 8.30 ന് 'ഗിലയാദ്യയുടെ വീരപുത്രൻ' എന്ന ബൈബിൾ നാടകം അവതരിപ്പിക്കാനുള്ള റിഹേഴ്സൽ പള്ളിയിൽ അവസാന ഘട്ടത്തിലാണ്. ഇത്തവണ പെരുന്നാളിന് സ്വന്തം നാടകമായാലോ എന്ന ആശയം പൊതുയോഗത്തിൽ മുന്നോട്ട് വച്ചത് ഇടവക വികാരി കൂടിയായ ഫാ. ബെന്നി നാരകത്തിനാലായിരുന്നു.

നിറഞ്ഞ കൈയടിയോടെ ഇടവകാംഗങ്ങൾ അതിനോട് യോജിച്ചു. അഭിനയിക്കാൻ ഒരു മടിയും കൂടാതെ അംഗങ്ങൾ മുന്നോട്ട് വന്നതോടെ ഫാ. ബെന്നി നാരകത്തിനാൽ ചുമതല ഏറ്റെടുക്കുകയായിരുന്നു. നാടകത്തോടു താത്പര്യമുള്ള മുതിർന്നവരുടെ പിന്തുണ കൂടി ലഭിച്ചതോടെ ഇരട്ടി സന്തോഷമായി. ഇതിനായി സെന്റ് ജോർജ് കാത്തലിക് ആർട്സ് എന്ന നാടകസമിതിയും രൂപീകരിച്ച് റിഹേഴ്സലും തുടങ്ങി. ദിവസവും നാലും അഞ്ചും മണിക്കൂർ വരെ റിഹേഴ്സൽ നീണ്ടു നിൽക്കും. നാടക രചനയും സംവിധാനവും നിർറ്വഹിച്ചത് രാജു എൽ. പോൾ ഏനാത്ത് ആണ്. ഗാനരചന ഇടവക വികാരി ഫാ .ബെന്നി നാരകത്തിനാൽ.

ആദ്യമായി അഭിനയിക്കുന്നതിന്റെ പരിഭ്രമമൊന്നും പുതുമുഖ അഭിനേതാൾക്ക് ഇല്ല. ബൈബിൾ പഴയ നിയമത്തിലെ ന്യായാധിപന്മാർ 11-ാം അധ്യായം ആസ്പദമാക്കിയാണ് നാടകരചന. ഒരു കാലത്ത് സ്വന്തമായി നാടകങ്ങൾ അവതരിപ്പിച്ചിരുന്ന നാട്ടിൻ പുറങ്ങളിലെ ആർട്സ് ക്ലബുകളിൽ നിന്നും മറ്റും നാടകം പടിയിറങ്ങുന്ന കാലത്താണ് ചന്ദനപ്പള്ളി കത്തോലിക്ക ദേവാലയം പുതിയ പരീക്ഷണവുമായി എത്തിയിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.

രംഗസജ്ജീകരണത്തിലും കലാസംവിധാനത്തിലും അഭിനയത്തിലും സംവിധാനത്തിലുമൊക്കെ ഒരു പോലെ മികവ് പുലർത്താനാണ് ശ്രമിക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു. നാടകത്തിൽ കാലത്തിനനുസരിച്ച് സാങ്കേതികപരമായ ചെറിയ മാറ്റങ്ങളും നടത്തേണ്ടി വന്നിട്ടുണ്ട്. പ്രേക്ഷകരെ പിടിച്ചിരുത്താൻ ഇത്തരം ശ്രമങ്ങൾ കൂടിയേ തീരൂവെന്ന് സംവിധായൻ പറഞ്ഞു. വസ്ത്രങ്ങൾ, സാങ്കേതിക സഹായങ്ങൾ, രംഗസജ്ജീകരണം ഇവക്കൊക്കെയായി വലിയൊരു തുക വേണ്ടി വരും. പ്രവാസി കൂട്ടായ്മയാണ് ഇതിന് സഹായം വാഗ്ദാനം ചെയ്തിട്ടുള്ളത്. നാലു സ്ത്രീ കഥാപാത്രങ്ങൾ ഉൾപ്പെടെ മൊത്തം 12 പേരാണ് അഭിനയിക്കുന്നത് .

പ്രധാന കഥാപാത്രമായ ഗിലയാദുകാരനായ ജഫ്താ എന്ന സേനാനിയെ അവതരിപ്പിക്കുന്നത് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ അഡ്വ. തോമസ് ജോസ് അയ്യനേത്താണ്. കൂടാതെ ജിബു തോമസ്, സാമുവൽ ലാലച്ചൻ, ഫിലിപ് മാത്യൂ, പൊന്നച്ചൻ, വിൽസൺ, ലിജോ ഡാനിയൽ, ജോൺസൺ ബിജു, കരോൾ ഫ്രാൻസിസ്, സിന്ധു ബിജു, ബെറ്റ്സി കുഞ്ഞുമോൻ, ബിന്ദു സുമേഷ്, തോംസൺ തോമസ് എന്നിവരും അഭിനയിക്കുന്നു.