- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ഓഹരി 32.42 ശതമാനം മാത്രം; സർക്കാർ നിയന്ത്രണത്തിലല്ലെന്നും സിയാൽ; വിവരാവകാശത്തിന്റെ പരിധിയിലാണെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരായ ഹർജി തള്ളി സുപ്രീം കോടതി
കൊച്ചി: കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് അഥോറിറ്റി (സിയാൽ) വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന ഉത്തരവ് റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹർജി തള്ളിയത്.
സിയാൽ പബ്ലിക് അഥോറിറ്റിയാണെന്നും വിവരാവകാശനിയമത്തിന്റെ പരിധിയിൽ വരുമെന്നുമായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി. ബോർഡ് മീറ്റിങ്ങിന്റെ മിനിറ്റ്സ് നൽകണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ചോദ്യംചെയ്ത് സിയാൽ നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നത്.
ഇതിനെതിരേ സിയാൽ നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഈ സ്റ്റേ ഉത്തരവ് നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. ഹർജിക്കാരന് ഡിവിഷൻ ബെഞ്ചിന് മുൻപാകെത്തന്നെ തന്റെ വാദമുന്നയിക്കാൻ അവസരമുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കമ്പനിയിൽ സർക്കാർ ഓഹരി 32.42 ശതമാനമാണെന്നും അതിനാൽ സർക്കാരിന് ഒരു നിയന്ത്രണവുമില്ലെന്നുമുള്ള വാദമാണ് സിയാൽ ഉന്നയിക്കുന്നത്. എന്നാൽ കമ്പനിയുടെ ചെയർമാൻ മുഖ്യമന്ത്രിയും ഡയറക്ടർ ബോർഡിൽ മന്ത്രിമാരും ചീഫ് സെക്രട്ടറിയും, മാനേജിങ് ഡയറക്ടർ ഐ.എ.എസ്. ഓഫീസറും ആണെന്നത് കണക്കിലെടുത്താണ് സിയാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചത്.
മറുനാടന് മലയാളി ബ്യൂറോ