തിരുവനന്തപുരം: സിഗരറ്റുകൾക്കും മറ്റ് പുകയില ഉത്പന്നങ്ങൾക്കും രാജ്യത്ത് വലിയ വിലവർധനവ് നിലവിൽ വന്നു. ചരക്ക് സേവന നികുതി (ജിഎസ്ടി), എക്സൈസ് തീരുവ എന്നിവയിൽ വരുത്തിയ പരിഷ്കരണങ്ങളാണ് വില ഉയരാൻ കാരണം. സിഗരറ്റിന് 15 മുതൽ 30 ശതമാനം വരെയാണ് വിലവർധനവ് പ്രതീക്ഷിക്കുന്നത്.

പുകയില ഉത്പന്നങ്ങൾക്ക് നിലവിലുണ്ടായിരുന്ന കോംപൻസേഷൻ സെസിന് പകരമാണ് പുതിയ തീരുവകൾ ഏർപ്പെടുത്തിയിരിക്കുന്നത്. പാൻമസാല, സിഗരറ്റ്, പുകയില, സമാന ഉത്പന്നങ്ങൾ എന്നിവയ്ക്ക് 40 ശതമാനം ജിഎസ്ടിയും ബീഡിക്ക് 18 ശതമാനം ജിഎസ്ടിയുമാണ് ചുമത്തുന്നത്.

സിഗരറ്റിന്റെ ബ്രാൻഡ് അടിസ്ഥാനമാക്കിയായിരിക്കില്ല ഇനി തീരുവയിൽ വ്യത്യാസം വരിക. പകരം, സിഗരറ്റിന്റെ നീളത്തെ ആശ്രയിച്ചായിരിക്കും വില വർധനവ്. നീളം കൂടുന്നതിന് അനുസരിച്ച് വിലയും കൂടും. ആയിരം സിഗരറ്റുകൾക്ക് 2050 രൂപ മുതൽ 8500 രൂപ വരെയാകും പുതിയ എക്സൈസ് തീരുവ.

വിവിധതരം സിഗരറ്റുകളുടെ വില വർധനവ് താഴെ പറയുന്നവയാണ്:

* 62 മില്ലിമീറ്റർ വരെ നീളമുള്ള ഫിൽട്ടറില്ലാത്ത സിഗരറ്റിന് ഒരെണ്ണത്തിന് 2.05 രൂപ വരെ വർധിക്കും.

* 66 മില്ലിമീറ്റർ നീളമുള്ള ഫിൽട്ടർ സിഗരറ്റിന് 2.10 രൂപ വരെ ഉയരും.

* 65-40 മില്ലിമീറ്റർ വരെ നീളമുള്ള സിഗരറ്റുകൾക്ക് 3.6 രൂപ മുതൽ 4 രൂപ വരെ ഉയരും.

* 70-75 മില്ലിമീറ്റർ നീളമുള്ള സിഗരറ്റിന് ഒരെണ്ണത്തിന് 5.4 രൂപ വരെ ഉയരും.

പാൻമസാലയ്ക്ക് ആരോഗ്യ, ദേശീയ സുരക്ഷാ സെസും പുകയില ഉത്പന്നങ്ങൾക്ക് അധിക എക്സൈസ് തീരുവയും ഏർപ്പെടുത്തുന്ന രണ്ട് നിയമങ്ങൾക്ക് കഴിഞ്ഞ ഡിസംബറിൽ പാർലമെന്റ് അംഗീകാരം നൽകിയിരുന്നു. നിലവിൽ പുകയില ഉത്പന്നങ്ങൾക്ക് ചുമത്തിയിരുന്ന ജിഎസ്ടി കോമ്പൻസേഷൻ സെസ് ഫെബ്രുവരി ഒന്ന് മുതൽ ഇല്ലാതായി. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ഉയർന്ന നികുതി നിരക്കുകൾ ശുപാർശ ചെയ്യുന്നത്. ഈ നീക്കം പുകവലിക്കാർക്ക് കാര്യമായ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും.