തിരുവനന്തപുരം: കടയ്ക്ക് മുന്നിൽ വാഹനം പാർക്കു ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ സൈനികനേയും സഹോദരനേയും തല്ലിച്ചതച്ചു. പാറശ്ശാലയിൽ നടന്ന സംഭവത്തിൽ സൈനികനായ സിനുവിനും സഹോദരൻ സിഞ്ചുവിനുമാണ് പരിക്കേറ്റത്. സംഭവത്തിൽ പ്രദേശവാസികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘട്ടനത്തെ തുടർന്ന് ദേശീയപാതയിൽ അര മണിക്കൂർ ഗതാഗതം സ്തംഭിച്ചു.

ആയൂബ്ഖാൻ, മകൻ അലിഖാൻ മറ്റ് ഏതാനും അക്രമികൾ എന്നിവരും ചേർന്നാണ് സൈനികനെയും സഹോദരനെയും മർദ്ദിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ പാറശ്ശാലയിലെ പള്ളിക്ക് സമീപം ആയിരുന്നു സംഭവം. കാറിൽ ഇവിടെയെത്തിയ സിനുവും സിഞ്ചുവും ആയുബ് ഖാന്റെ കടയ്ക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്തു. ഇതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആയൂബ്ഖാന്റെ മകൻ അലിഖാനും ഏതാനും സുഹൃത്തുക്കളും ചേർന്ന് സിനുവിനെയും സിഞ്ചുവിനെയും മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ സിഞ്ചുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നട്ടെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്.

അക്രമത്തെ തുടർന്ന് അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ഒടുവിൽ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ പൊലീസ് ആയൂബ്ഖാനെയും അലിഖാനെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അക്രമി സംഘത്തിനെക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്.