കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന ജയിൽ ദിനാഘോഷത്തിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ കാപ തടവുകാരനായ വിവേകിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു.

രണ്ടു ഗുണ്ടാ സംഘങ്ങൾ തമ്മിൽ ജയിലിൽ വച്ച് ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് വിവരം. സംഘർഷത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്ന് വൈകുന്നേരമായിരുന്നു സംഘർഷം. വിവേക് ഉൾപ്പെടുന്ന അഞ്ച് അംഗ സംഘവും മറ്റൊരു സംഘവും തമ്മിലാണ് ഏറ്റുമുട്ടിയത്.

തലയ്ക്ക് സാരമായി പരിക്കേറ്റ വിവേകിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം തിരികെ ജയിലിലേക്ക് മാറ്റി. കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ കാപ തടവുകരാണ് നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്.

കാപ തടവുകാർ തമ്മിൽ വാക്കേറ്റവും സംഘർഷവും ഇപ്പോൾ സ്ഥിരം സംഭവമാണെന്നാണ് ജയിൽ അധികൃതർ പറയുന്നത്.