പാലക്കാട്: മണ്ണാർക്കാട് തെങ്കര കോൽപ്പാടം അയ്യപ്പക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കിടെയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. കല്ലംചോല പ്രദേശത്തെ ഒരു കൂട്ടം യുവാക്കളും കോൽപ്പാടം പ്രദേശത്തെ യുവാക്കളും തമ്മിലാണ് ഏറ്റുമുട്ടിയത്.

ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന 'കൈകൊട്ടിക്കളി'ക്കിടെയാണ് തർക്കം തുടങ്ങിയത്. തർക്കം രൂക്ഷമായതോടെ യുവാക്കൾ പരസ്പരം കസേരകളും വടികളും എറിയുകയും കൂട്ടത്തല്ലിൽ കലാശിക്കുകയും ചെയ്തു. ഒടുവിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് ലാത്തിവീശിയാണ് യുവാക്കളെ സ്ഥലത്തുനിന്ന് ഓടിച്ചത്. സംഭവത്തിൽ മണ്ണാർക്കാട് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.