- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണർക്കെതിരെ പ്രതിഷേധം; എസ്എഫ്ഐ യുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം ; പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കി
തിരുവനന്തപുരം: എസ്എഫ്ഐ യുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർ രാജ്ഭവന്റെ ഗേറ്റിന് മുന്നിലെത്തിയതോടെ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഉന്നതവിദ്യാഭ്യാസ രംഗം ഗവർണർ കാവിവൽക്കരിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം.
എസ്എഫ്ഐ യുടെ സംസ്ഥാന സെക്രട്ടറിയടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസിന്റെ എല്ലാത്തരത്തിലുമുള്ള പ്രതിരോധം തള്ളിമാറ്റിക്കൊണ്ടാണ് പ്രവർത്തകർ ഗേറ്റിന് മുന്നിലെത്തിയത്. സംസ്ഥാന വ്യാപക പഠിപ്പു മുടക്കിന് ഇന്ന് എസ്എഫ്ഐ ആഹ്വാനം ചെയ്തിരുന്നു. പ്രവർത്തകരെ ബലം പ്രയോഗിച്ച് പൊലീസ് നീക്കാൻ ശ്രമിക്കുകയായിരുന്നു.
ഒന്നര മണിക്കൂറായി പ്രദേശത്ത് സംഘർഷം നില നിൽക്കുകയാണ്. അറസ്റ്റ് ചെയ്ത പ്രവർത്തകരെ പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോയി. ഏറെ നേരം കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. എന്നാൽ മറ്റു വിദ്യാർത്ഥികൾ മുദ്രാവാക്യം വിളികളുമായി ഇവിടെ നിൽക്കുകയാണ്. കേരളാ സർവകലാശാലയിൽ അടക്കം ബിജെപി - ആർഎസ്എസ് അനുഭാവികളെയും തിരുകിക്കയറ്റാൻ ശ്രമിക്കുന്നു എന്നാണ് ആരിഫ് മുഹമ്മദ് ഖാനെതിരേ എസ്എഫ്ഐ നടത്തുന്ന ആരോപണം.




