കോഴിക്കോട്: നടക്കാവിൽ ബീഫ് ഫ്രൈയെ ചൊല്ലിയുണ്ടായ തർക്കം യുവാക്കൾ തമ്മിലുള്ള കയ്യാങ്കളിയിൽ കലാശിച്ചു. പോലീസ് സ്ഥലത്തെത്തിയിട്ടും സംഘർഷം തുടർന്നതിനെത്തുടർന്ന് നഗരത്തിൽ അരമണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ഏതാനും യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

നടക്കാവിലെ ഒരു ഹോട്ടലിലെത്തിയ യുവാക്കളുടെ ഒരു സംഘം, പിന്നാലെയെത്തിയ മറ്റൊരു സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നൽകാൻ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഈ ആവശ്യം നിരസിച്ചതോടെ ഇരുകൂട്ടരും തമ്മിൽ വാക്കു തർക്കമായി. സ്ഥിതി വഷളായതിനെത്തുടർന്ന് ഹോട്ടൽ ജീവനക്കാർ ഇടപെട്ട് ഇരുകൂട്ടരോടും ഹോട്ടലിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, പുറത്തും ഇവർ തമ്മിലുള്ള ഏറ്റുമുട്ടൽ തുടർന്നു.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും യുവാക്കൾ തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ അവർ തയ്യാറായില്ല. ഇതിനിടെ ഒരു യുവാവ് ബോധരഹിതനായി നിലത്തുവീഴുകയും ചെയ്തു. തുടർന്ന്, ബോധരഹിതനായ യുവാവിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പോലീസ് മറ്റ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മർദ്ദനത്തിൽ പരിക്കേറ്റ ഒരാളെയും പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.