തിരുവനന്തപുരം: കെടിയു, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ (വിസി) നിയമനവുമായി ബന്ധപ്പെട്ട തർക്കം ശക്തമായി തുടരുന്നതിനിടെ ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക് ഭവനിൽ വെച്ചാണ് ഇരുവരുടെയും കൂടിക്കാഴ്ച നടന്നത്. വിസി നിയമന വിഷയത്തിൽ സമവായത്തിലെത്താൻ കഴിഞ്ഞ ആഴ്ച നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറുമായി ചർച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

അന്ന് മുഖ്യമന്ത്രി എന്തുകൊണ്ട് ചർച്ചയ്ക്ക് വരുന്നില്ലെന്ന് ഗവർണർ ആരാഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു. വിസി നിയമനത്തിനായി ഗവർണറും മുഖ്യമന്ത്രിയും വെവ്വേറെ പേരുകൾ നിർദ്ദേശിച്ച സാഹചര്യത്തിൽ സുപ്രീം കോടതി സ്വന്തം നിലയ്ക്ക് നിയമനം നടത്താനുള്ള നീക്കങ്ങൾക്കിടെയാണ് ഈ കൂടിക്കാഴ്ച നടന്നതെന്നത് ശ്രദ്ധേയമാണ്.

ഏകദേശം 15 മിനിറ്റ് മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ വിസി നിയമന വിഷയത്തിൽ സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. മുഖ്യമന്ത്രി നടത്താനിരിക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണറെ ഔദ്യോഗികമായി ക്ഷണിക്കുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യമെന്നും റിപ്പോർട്ടുകളുണ്ട്.