തൃശൂർ: സമൂഹത്തിന് ചേരാത്ത കാര്യങ്ങൾ ചെയ്തും ഔദ്യോഗിക ജീവിതത്തിൽ തുടരാമെന്ന് കരുതുന്ന ചില പൊലീസുകാരുണ്ടെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റു ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. തൃശൂർ റൂറൽ ജില്ലാ പൊലീസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിയമപരിപാലനത്തിന്റെ പ്രശ്‌നം വരുമ്പോൾ ഒരു വിട്ടുവീഴ്ചയും വരുത്തേണ്ടിതില്ല. ഒരു ബാഹ്യ ഇടപെടലും പൊലീസിന്റെ പ്രവർത്തനത്തിന് തടസമാകില്ല. പൊലീസ് ജനങ്ങളുമായി ഇഴുകിചേർന്ന് പ്രവർത്തിക്കുന്ന സേനയാണ്. അടുത്തകാലത്ത് നാട്ടിൽ തെളിയിക്കപ്പെട്ട കേസുകൾ പരിശോധിച്ചാൽ സമർത്ഥമായും ശാസ്ത്രീയമായും തെളിയിച്ചിക്കപ്പെട്ടു. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് സേനയിൽ കൂടുതൽ വരുന്നത്. ഇത് സേനയ്ക്ക് പുതിയ മുഖം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് സേനയ്‌ക്കെതിരെ പല തരത്തിലുള്ള ആക്രമണങ്ങളാണ് ബോധപൂർവം അഴിച്ചുവിടുന്നത്. അത്തരക്കാർക്കെതിരെ കർശന നടപടി ഉണ്ടായില്ലെങ്കിൽ മറ്റുള്ളവർക്കും പ്രോത്സാഹനമാകും. ഇതിനെതിരെ പ്രത്യേകം ജാഗ്രത പുലർത്തേണ്ടതുണ്ട്. ചില ഘട്ടങ്ങളിൽ അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യേണ്ടിവരുന്നവരാണ് പൊലീസുകാർ. അവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട കാര്യത്തിൽ മുന്തിയ പരിഗണനയാണ് നൽകുന്നത്. ആകസ്മികമായി ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. അതിനടക്കം പൊലീസ് സേന പ്രാപ്തരാകേണ്ടതുണ്ട്.

പൊലീസ് സേനയെ ആധുനിക കാലത്തിന് ചേരുന്ന വിധത്തിൽ പാകപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജനങ്ങളുടെ സഹായികളായും സംരക്ഷകരായും പൊലീസ് സേന മാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.