തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എം എൽ എ പ്രതിയായ ബലാത്സംഗ വധശ്രമ കേസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എൽദോസ് എം എൽ എയ്‌ക്കെതിരായ സ്ത്രീയുടെ പരാതി ഗൗരവമായതാണെന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

ഈ കേസിൽ ഗൗരവമായ അന്വേഷണം നടക്കുമെന്നും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഉറപ്പ് നൽകി. വിദേശ യാത്രയുടെ നേട്ടങ്ങൾ വിശദീകരിച്ച വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് എൽദോസ് കേസിൽ മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞത്.

കുന്നപ്പിള്ളിയുടെ കാര്യത്തിൽ കൃത്യമായ നിലപാട് കോൺഗ്രസ് എടുത്തിട്ടില്ലെന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് ഇങ്ങനെ ''അവരുടെ പാർട്ടിക്കാര്യം അവർ തീരുമാനിക്കേണ്ടതാണ്. നിയമപരമായ കാര്യങ്ങളെ എനിക്ക് എടുക്കാൻ കഴിയൂ''. ഗൗരവമായ പരാതിയാണ് ഉയർന്നുവന്നിരിക്കുന്നത്. ഗൗരവമായ അന്വേഷണം നടക്കുമെന്നും ആവശ്യമായ നടപടികൾ ഉണ്ടാകും.

അതേസമയം എൽദോസ് കുന്നപ്പിള്ളിൽ വിഷയത്തിൽ ഇന്ന് വൈകുന്നേരം യു ഡി എഫ് കൺവീനർ എം എം ഹസനും പ്രതികരിച്ചിരുന്നു. എം എൽ എയുടെ വിശദീകരണം സമയപരിധിക്കുള്ളിൽ കിട്ടിയില്ലെങ്കിൽ കെ പി സി സി പ്രസിഡന്റ് നടപടി പ്രഖ്യാപിക്കുമെന്ന് യു ഡി എഫ് കൺവീനർ വ്യക്തമാക്കി. വിഷയം യു ഡി എഫ് ചർച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. എം എൽ എയിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമയത്ത് കിട്ടിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും ഹസ്സൻ വിശദീകരിച്ചു.

അതേസമയം ബലാത്സംഗക്കേസിന് പുറമേ എൽദോസിനെതിരെ ഇന്ന് കൂടുതൽ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. വധശ്രമം, സ്ത്രീത്വത്തെ അപമാനിച്ചതിനു എതിരെയുള്ള വകുപ്പുകൾ കൂടിയാണ് എം എൽ എക്കെതിരെ പുതുതായി ചുമത്തിയത്. പുതിയ വകുപ്പുകൾ ചേർത്തുള്ള റിപ്പോർട്ട് ജില്ല ക്രൈംബ്രാഞ്ച് കോടതിയിൽ നൽകുകയും ചെയ്തു.

പരാതിക്കാരിയെ കോവളത്ത് വച്ച് വധിക്കാൻ ശ്രമിച്ചുവെന്ന മൊഴിയിലാണ് ക്രൈം ബ്രാഞ്ച് പുതിയ വകുപ്പുകളും ചുമത്തിയത്. കഴിഞ്ഞ മാസം 14 ന് കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. വസ്ത്രം വലിച്ചു കിറി അപമാനിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇതുകൊണ്ടാണ് വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയ്ക്കുള്ള വകുപ്പുകൾ കൂടി കേസിൽ ചേർത്തത്. അതേസമയം പരാതിക്ക് പിന്നാലെ ഒളിവിൽ പോയ എം എൽ എയെ ഇനിയും കണ്ടെത്താൻ പൊലീസിനായിട്ടില്ല.