ദോഹ: മുഖ്യമന്ത്രി പിണറായി വിജയന്‍ ഖത്തറിലെത്തി. പ്രാദേശിക സമയം പുലര്‍ച്ചെ ആറ് മണിയോടെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിധ പ്രവാസി സംഘടനാ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മന്ത്രി സജി ചെറിയാന്‍, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോര്‍ക്ക ഉദ്യോഗസ്ഥര്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന 'മലയാളോത്സവം' ചടങ്ങില്‍ മുഖ്യമന്ത്രി മുഖ്യാതിഥിയായിരിക്കും.

ഖത്തറിലെ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി, ഷറാട്ടന്‍ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖരായ വ്യാപാര, വാണിജ്യ രംഗത്തുള്ളവരുമായും വിവിധ സംഘടനാ ഭാരവാഹികളുമായും സംവദിക്കും. പ്രവാസി മലയാളികളുടെ അനുഭവങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനാണ് ഈ കൂടിക്കാഴ്ചകള്‍ പ്രാധാന്യം നല്‍കുന്നത്.