- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഗിന് പതിവില്ലാത്ത കനം; തുറന്നപ്പോൾ തല ഉയർത്തി ചീറ്റൽ; കടിയേല്‍ക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്; കാക്കനാട് ഒന്നാം ക്ലാസുകാരന്റെ ബാഗിൽ മൂർഖൻ പാമ്പ്
കൊച്ചി: കാക്കനാട് അത്താണി എളവക്കാട്ടുമൂലയിൽ ഒന്നാം ക്ലാസ്സുകാരന്റെ സ്കൂൾ ബാഗിൽ കണ്ടെത്തിയ മൂർഖൻ പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി. ബാഗ് വൃത്തിയാക്കാനായി എടുത്ത വീട്ടിലെ സഹായിയാണ് പാമ്പിനെ കണ്ടത്. കുട്ടി ബാഗ് തുറക്കാതിരുന്നത് കാരണം വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. അബ്ദുൾ അസീസിന്റെ വീട്ടിൽ ജോലിക്കെത്തുന്ന യുവതി പതിവ് പോലെ ബാഗ് വൃത്തിയാക്കാൻ എടുത്തപ്പോഴാണ് സംഭവം.
ബാഗിന് പതിവില്ലാത്ത കനം തോന്നിയെങ്കിലും തുറന്നുനോക്കിയ ഉടൻ പാമ്പ് തലയുയർത്തി ചീറ്റുകയായിരുന്നു. ഭയന്ന് ബാഗ് നിലത്തിട്ടതോടെയാണ് ഉള്ളിൽ നീളമേറിയ മൂർഖനാണെന്ന് വ്യക്തമായത്. കടിയേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യത്തിനാണെന്ന് യുവതിയും വീട്ടുകാരും പറയുന്നു. അബ്ദുൾ അസീസിന്റെ ഒന്നാം ക്ലാസ്സുകാരനായ മകൻ വെള്ളിയാഴ്ച ട്യൂഷൻ കഴിഞ്ഞ് ഹാളിലെ മേശയുടെ അടിയിൽ വെച്ച ബാഗാണിത്.
വീടിന്റെ മുൻഭാഗത്തെ വാതിൽ തുറന്നിട്ട സമയത്ത് പാമ്പ് ബാഗിന്റെ സിബ്ബിന്റെ വിടവിലൂടെ കയറിയതാകാമെന്നാണ് നിഗമനം. വീട്ടുകാർ ഉടൻതന്നെ നീളമുള്ള കമ്പ് ഉപയോഗിച്ച് ബാഗ് വീടിന് പുറത്തേക്ക് മാറ്റുകയും വനംവകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് എറണാകുളം സർപ്പ സ്നേക്ക് റെസ്ക്യു അംഗം റിൻഷാദ് നാസർ സ്ഥലത്തെത്തി മൂർഖൻ പാമ്പിനെ സുരക്ഷിതമായി പിടികൂടി വനംവകുപ്പിന് കൈമാറി.




