കൊച്ചി: എറണാകുളം ആലുവ കരുമാലൂരിൽ അങ്കണവാടിക്കുള്ളിൽ കണ്ടെത്തിയ മൂർ‌ഖൻ പാമ്പിനെ പിടികൂടി വനം വകുപ്പ് പ്രവര്‍ത്തകര്‍. കളിപ്പാട്ടങ്ങൾ സൂക്ഷിച്ച ഷെൽഫിന് അകത്തായിരുന്നു പാമ്പ്. പാമ്പിനെ കണ്ടെത്തിയ സമയത്ത് എട്ട് കുട്ടികള്‍ അങ്കണവാടിയില്‍ ഉണ്ടായിരുന്നു. അങ്കണവാടി അടുത്ത് മൂന്ന് ദിവസം അടച്ചിടുമെന്നും പരിശോധനയ്ക്ക് ശേഷമേ അങ്കണ്‍വാടി തുറന്ന് പ്രവര്‍ത്തിക്കൂ എന്നും വാര്‍ഡ് മെമ്പര്‍ അറിയിച്ചിട്ടുണ്ട്. തകർന്ന ജനാല ഭാഗത്തിലൂടെയാണ് പാമ്പ് ഉള്ളിലേക്ക് കയറിയതെന്ന് നിഗമനം.

രാവിലെ 11 മണിക്ക് ശേഷമായിരുന്നു സംഭവം. കളിപ്പാട്ടം മാറ്റുന്നതിനിടെ അങ്കണവാടിയിലെ അധ്യാപികയാണ് പാമ്പിനെ കണ്ടത്. തലനാരിഴക്കാണ് കടിയേല്‍ക്കാതെ അധ്യാപിക രക്ഷപ്പെട്ടത്. കളിപ്പാട്ടം സൂക്ഷിച്ച അലമാരയിലാണ് പത്തി വിടര്‍ത്തിയ നിലയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. ഈ സമയത്ത് കുട്ടികളും അധ്യാപികയും ഹെല്‍പ്പറും അങ്കണവാടിയിലുണ്ടായിരുന്നു.

കുട്ടികളെ ഉടൻ തന്നെ മുറിയില്‍ നിന്ന് മാറ്റി. അധ്യാപികയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ വാര്‍ഡ് മെമ്പറിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് പ്രവര്‍ത്തകര്‍ എത്തി പാമ്പിനെ പിടികൂടി. പാടശേഖരത്തോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും കാറ്റിലും അങ്കണവാടി കെട്ടിടത്തിന്റെ ജനല്‍ ഭാഗം തകര്‍ന്നിരുന്നു. തുണികള്‍ വെച്ചാണ് ഈ ഭാഗം അടച്ചിരുന്നത്. ഇത് വഴിയാകാം പാമ്പ് അകത്ത് കയറിയതെന്നാണ് നിഗമനം.