കൊച്ചി: എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരായ ബലാത്സംഗ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് പരാതിക്കാരി. എൽദോസിന് ജാമ്യം നൽകിയതിൽ സങ്കടമെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. പിആർ ഏജന്റ് എന്ന നിലയിലല്ല എൽദോസിനെ പരിചയപ്പെട്ടതെന്നും പരാതിക്കാരി പറയുന്നു.

'ജാമ്യം ലഭിച്ചതിൽ ഞാനെന്ത് പറയാനാ. ഒന്നും പറയാനില്ല. എനിക്ക് ഒന്നും പറയാൻ അറിയില്ല. പരാതിയിൽ ഉറച്ച് നിൽക്കുകയാണ്. പിആർ ഏജന്റ് എന്ന നിലയിലല്ല എൽദോസ് എന്നെ പരിചയപ്പെട്ടത്.' പരാതിക്കാരി വ്യക്തമാക്കി. എൽദോസിന്റെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് പരാതിക്കാരിയുടെ പ്രതികരണം. ഈ വിട്ടിൽവെച്ചും എൽദോസ് തന്നെ ഉപദ്രവിച്ചിട്ടുണ്ട്. അന്ന് ക്യാമറ ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് ക്യാമറ സ്ഥാപിച്ചതെന്നും പരാതിക്കാരി വിശദീകരിച്ചു.

കേസെടുത്തതിന് പിന്നാലെ ഒളിവിൽ കഴിയുന്ന എൽദോസിന് കർശന ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. മറ്റന്നാൾ എൽദോസ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം. സംസ്ഥാനം വിടരുത്. ഫോണും പാസ്പോർട്ടും ഹാജരാക്കണം, സമൂഹമാധ്യമങ്ങൾ വഴി പ്രകോപനം ഉണ്ടാക്കുന്ന പോസ്റ്റുകൾ പാടില്ലെന്നും ഉപാധികൾ ഉണ്ട്.

യുവതിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവമേൽപ്പിക്കൽ, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് എൽദോസിനെതിരെ ചുമത്തിയിട്ടുള്ളത്. അതിൽ ബലാത്സംഗക്കേസിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്. അതേസമയം, താൻ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് എൽദോസ് കെപിസിസിക്ക് നൽകിയ വിശദീകരണം. പിആർ ഏജൻസി ജീവനക്കാരി എന്ന നിലയിലാണ് യുവതിയെ പരിചയപ്പെട്ടതെന്നും യുവതിക്കെതിരെ നിരവധി കേസുകളുടെന്നും എൽദോസ് വിശദീകരിച്ചു. നടപടി എടുക്കും മുൻപ് തന്റെ വിശദീകരണം കൂടി കേൾക്കണമെന്നും എൽദോസ് കെപിസിസിക്ക് നൽകിയ വിശദീകരണത്തിൽ ആവശ്യപ്പെട്ടിരുന്നു.