തിരുവനന്തപുരം: കാട്ടാക്കട കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പണം നഷ്ടമായ പരാതിക്കാരൻ ബാലകൃഷ്ണനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി. ബാങ്കിന്റെ മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനും മകനും ചേർന്ന് കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മാറനല്ലൂർ പൊലീസിൽ ബാലകൃഷ്ണൻ പരാതി നൽകി.

ഉച്ചയ്ക്കു 2 മണിയോടെ ബാങ്കിന് സമീപം ഭാസുരാംഗനും മകനും ചേർന്ന് ബാലകൃഷ്ണനുമായി സംസാരിക്കുകയും തുടർന്ന് വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. പിന്നാലെ കാർ സ്റ്റാർട്ട് ചെയ്ത് ബാലകൃഷ്ണനെ ഇടിക്കാൻ ശ്രമിക്കുകയായിരുന്നു. ബാലകൃഷ്ണൻ ഒഴിഞ്ഞുമാറിയതിനാൽ അപകടം ഉണ്ടായില്ല എന്നാണ് പരാതിയിൽ പറയുന്നത്.

ബിജെപി പ്രവർത്തകരും ബാങ്ക് നിക്ഷേപകരും റോഡ് ഉപരോധിച്ചു. ഉപരോധത്തിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. റോഡിൽ കിടന്ന് പ്രതിഷേധിച്ച ബാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡിവൈഎസ്‌പിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചു.

കോടികളുടെ അഴിമതിയും ധൂർത്തും ക്രമക്കേടും നടന്ന കണ്ടല ബാങ്കിലെ പ്രസിഡണ്ടായ ഭാസുരാംഗൻ അത്യാഢംബര ജീവിതമായിരുന്നു നയിച്ചത്. മാറനെല്ലൂർ ജംഗ്ഷനടുത്ത് റോഡിനോട് ചേർന്ന് ഒരു കൂറ്റൻ വീട്, ബെൻസ് കാർ, രണ്ട് ഹോട്ടലുകളും ഒരു സൂപ്പർമാർക്കറ്റുമടക്കം ആർഭാട ജീവിതം. ഇതൊന്നും കൂടാതെ കോടികൾ ചെലവഴിച്ചായിരുന്നു മകൻ അഖിൽജിത്തിന്റെ വിവാഹം. മകന്റെയും ഭാര്യയുടെയും മകളുടെയും ബന്ധുക്കളുടെയും പേരിൽ മൂന്നരക്കോടി രൂപയാണ് കണ്ടല ബാങ്കിന് ഭാസുരാംഗൻ തിരിച്ചടക്കാനുള്ളതെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു.