പത്തനംതിട്ട: എസ്..കെ. എസ്.എസ്. എഫ്. വാർഷിക സമ്മേളനത്തിൽ സത്താർ പന്തല്ലൂർ മലപ്പുറത്തു നടത്തിയ വിവാദ പരാമർശത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് ചീഫിന് പരാതി. പത്തനംതിട്ടയിൽ അഭിഭാഷകനായ അഡ്വ. എൻ. മുഹമ്മദ് അൻസാരിയാണ് പരാതി നൽകിയത്.

സമസ്തയുടെ പണ്ഡിതരെയും നേതാക്കളെയും ആരെങ്കിലും പ്രയാസപ്പെടുത്താനും പ്രഹരിക്കാനും വന്നാൽ അവരുടെ കൈവെട്ടും എന്നാണ് വ്യാഴാഴ്ച നടന്ന എസ്.കെ.എസ്.എസ്.എഫ് സമ്മേളനത്തിൽ സത്താർ പന്തല്ലൂർ പറഞ്ഞത്. ഈ പ്രസംഗം പൊതു സമൂഹത്തിനു ഭീഷണിയും വിവിധ മത സംഘടനകൾക്കിടയിൽ വെറുപ്പും വിദ്വേഷവും വിതക്കുന്നതും കലാപാഹ്വാനവുമാണെന്ന് പത്തനംതിട്ട പൊലീസ് ചീഫിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു.

സത്താർ പന്തല്ലൂർ വിവാദ പ്രസംഗം നടത്തുമ്പോൾ ജനക്കൂട്ടം ആർപ്പുവിളിച്ചു സ്വീകരിച്ചത് കലാപാഹ്വാനം ഏറ്റെടുക്കുന്നതിനു തുല്യമാണ്. ഒരു സമുദായ സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് വിവേക രഹിതമായി പ്രസ്താവന നടത്തുന്നത് സാമൂഹ്യ സുരക്ഷയ്ക്ക് ഭംഗം ഏൽപ്പിക്കുന്നതാണ്. വിവിധ സമുദായങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തുന്നതിന് ഈ പ്രസംഗം കാരണമായിട്ടുണ്ട്. പ്രത്യേക സംഘടനയെയോ വ്യക്തിയേയോ പരാമർശിക്കാതെ എല്ലാവരും തിരിച്ചറിയേണ്ടതാണ് എന്ന പ്രസംഗത്തിലെ മുന്നറിയിപ്പ് സമൂഹത്തോടുള്ള വെല്ലുവിളിയാണ്.

മറ്റൊരു മതസംഘടനക്കെതിരെയും സത്താർ പന്തല്ലൂർ പ്രസംഗിച്ചിരുന്നു. മുസ്ലിം സമുദായത്തിലെ സുന്നി മുജാഹിദ് വിഭാഗങ്ങൾ തമ്മിൽ ദീർഘനാളായി വിശ്വാസ ധാരകളുടെ പേരിൽ മാനസിക അകൽച്ചയിലാണ്. അതു കൂടുതൽ വഷളാക്കുന്ന തരത്തിലാണ് സത്താർ പന്തല്ലൂരിന്റെ പ്രസംഗമന്നും പരാതിയിൽ ആരോപിക്കുന്നു.