കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മന്ത്രി പി രാജീവിന്റെ പേഴ്‌സണൽ സ്റ്റാഫ് സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതായി പരാതി. മന്ത്രിയുടെ അസിസ്റ്റന്റ് പി എസ് സേതുരാജ് ബാലകൃഷ്ണന് എതിരെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചത്. സർക്കാർ ഉദ്യോഗസ്ഥനായ സേതുരാജ് പെരുമാറ്റചട്ടം ലംഘിച്ചതായും യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ പറയുന്നു.

അരനൂറ്റാണ്ടെത്തുന്ന തന്റെ ജീവിതത്തിൽ താൻ സമ്പാദിച്ചതെല്ലാം ഉമ്മൻ ചാണ്ടിയോടുള്ള വെറുപ്പാണെന്നും ഇനി ചെയ്യുന്ന ഓരോന്നും അയാളോടുള്ള വെറുപ്പിന്റെ പ്രകടനവുമാണെന്നുമാണ് സേതുരാജ് ഫേസ്‌ബുക്കിൽ കുറിച്ചത്. സർക്കാർ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റ രീതികളും മര്യാദകളും ലംഘിച്ച് ഇയാൾ നടത്തിയ അധിക്ഷേപം ഗൗരവമേറിയതാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി കെപിസിസി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം പങ്കെടുക്കുന്ന സാഹചര്യത്തിൽ, സമൂഹമാധ്യമത്തിലൂടെ ഇത്തരത്തിൽ പ്രസ്താവന നടത്തുന്നത് ദുരുദ്ദേശപരവും ഗൂഢാലോചനയുടെ ഭാഗവുമാണെന്നും അദ്ദേഹം പറഞ്ഞു.

വർഷങ്ങളായി സർക്കാർ ശമ്പളവും ആനുകൂല്യങ്ങളും പറ്റി രാഷ്ട്രീയ വിദ്വേഷപ്രചാരണം നടത്തുന്ന ഇയാൾക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി.

അതേസമയം ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ നടൻ വിനായകനെതിരെയും പൊലീസിന് സമാനമായ അധിക്ഷേപ പരാതി ലഭിച്ചിരുന്നു. എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറി അജിത് അമീർ ബാവ എറണാകുളം അസി. സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ താരത്തിനെതിരെ കേസെടുത്തിട്ടുണ്ട്.