അരൂർ: നിർമ്മാണം പുരോഗമിക്കുന്ന അരൂർ ഉയരപ്പാതയിൽ നിന്ന് കോൺക്രീറ്റ് മിശ്രിതം കലർന്ന വെള്ളം വാഹനങ്ങൾക്ക് മുകളിലേക്ക് വീണു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ എസ്.എൻ നഗറിന് സമീപമായിരുന്നു സംഭവം. പത്തിലധികം കാറുകളിലും ബൈക്കുകളിലും മിശ്രിതം വീണതോടെ ഇത് ഉണങ്ങിപ്പിടിച്ച് വാഹനങ്ങൾക്ക് കേടുപാടുണ്ടാകുമെന്ന ആശങ്കയിൽ യാത്രക്കാർ കുപ്പിവെള്ളം വാങ്ങി കഴുകിക്കളയാൻ തിരക്കുകൂട്ടി.

അപ്രതീക്ഷിത സംഭവത്തെ തുടർന്ന് സമീപത്തെ കടകളിൽ കുപ്പിവെള്ളത്തിനായി വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സംഭവസ്ഥലത്തിന് സമീപമുള്ള തളിക റെസ്റ്റോറന്റിൽ നിന്ന് മാത്രം അരമണിക്കൂറിനുള്ളിൽ ഒരു ലിറ്ററിന്റെ 72 കുപ്പി വെള്ളം വിറ്റുതീർന്നതായി ഉടമ ഷെഫീക്ക് പറഞ്ഞു. കടയിൽ വെള്ളം തീർന്നപ്പോൾ ചിലർ സോഡ ഉപയോഗിച്ചും വാഹനങ്ങൾ വൃത്തിയാക്കാൻ ശ്രമിച്ചു.

മുത്തശ്ശിയെ ആശുപത്രിയിൽ കാണിച്ച് മടങ്ങുകയായിരുന്ന പാണാവള്ളി വാഴത്തറ വെളി സ്വദേശി ശരത്തിന്റെ കാറിലും മിശ്രിതം വീണിരുന്നു. അപകടം നടക്കുമ്പോൾ നിർമ്മാണക്കമ്പനിയുടെ ഉത്തരവാദിത്തപ്പെട്ട ആരും സ്ഥലത്തില്ലായിരുന്നുവെന്ന് വാഹന ഉടമകൾ പരാതിപ്പെട്ടു.