തിരുവനന്തപുരം: കോൺഗ്രസ് പ്രസ്ഥാനത്തിലെ കാരണവരായ പി.പി തങ്കച്ചൻ സാറിൻ്റെ വിടവാങ്ങലിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അധികാരം ദൈവാനുഗ്രഹമെന്നു വിശ്വസിച്ചിരുന്ന ഒരാള്‍ ആയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്ഥാനമാനങ്ങളില്‍ ഒരിക്കലും അഹങ്കരിക്കരുതെന്ന തോന്നലുണ്ടാക്കിയ ഒരാള്‍. കിട്ടിയ അവസരം മനുഷ്യര്‍ക്ക് ഉപകാരം ചെയ്യാന്‍ ഉപയോഗിക്കണമെന്ന നിഷ്‌കര്‍ഷ ഉണ്ടായിരുന്ന ഒരാള്‍. ആര്‍ക്കെങ്കിലും ഉപകാരം ചെയ്യാനായില്ലെങ്കിലും അവരെ ഉപദ്രവിക്കരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഒരാള്‍. ഇതൊക്കെയായിരുന്നു പി.പി തങ്കച്ചന്‍ എന്ന മനുഷ്യസ്നേഹിയും നിഷ്‌കളങ്കനുമായ പൊതുപ്രവര്‍ത്തകന്‍.

'തങ്കം പോലൊരു തങ്കച്ചന്‍;' പെരുമ്പാവൂരിന്റെ തിരഞ്ഞെടുപ്പ് ഗോദയില്‍ പലവട്ടം കേട്ട മുദ്രാവാക്യം പോലെ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും പി.പി തങ്കച്ചന്‍ തനിതങ്കമായിരുന്നു. സംശുദ്ധ രാഷ്ട്രീയത്തിന്റെ പതാകാവാഹകന്‍. രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുന്ന വ്യക്തിപ്രഭാവം. നിസ്വാര്‍ത്ഥവും ആത്മാര്‍ഥവുമായ പൊതുപ്രവര്‍ത്തനത്തിന്റെ പര്യായമായിരുന്നു പി.പി തങ്കച്ചന്‍.

കൃത്രിമവും കപടവുമായ സ്നേഹ പ്രകടനമോ അതിശയോക്തിപരമായ വര്‍ത്തമാനമോ പി.പി. തങ്കച്ചനില്‍ നിന്നുണ്ടാകില്ല. മൃദുഭാഷി അതുപോലെ മിതഭാഷി. മുഖത്തും മനസിലും രണ്ട് ഭാവങ്ങളില്ല. മുഖത്തുള്ള നിഷ്‌കളങ്കമായ ചിരി തന്നെയാണ് മനസിലും. ഏഴ് പതിറ്റാണ് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ അധികാരം അദ്ദേഹത്തെ മത്ത് പിടിപ്പിച്ചതേയില്ല.

പി.പി തങ്കച്ചനുമായി ഒരിക്കല്‍ ഇടപെട്ടവര്‍ക്ക് അദ്ദേഹത്തെ കുറിച്ച് നല്ല വാക്കേ പറയാനുണ്ടാകു. കയറിപ്പോകാനുള്ള എണിപ്പടികളായല്ല ജനത്തെ പി.പി തങ്കച്ചന്‍ കണ്ടത്. അതുകൊണ്ടാണ് പ്രായത്തില്‍ മുതിര്‍ന്നവര്‍ക്കും ഇളയവര്‍ക്കും ഒരു പോലെ അദ്ദേഹം തങ്കച്ചന്‍ ചേട്ടനായത്. കുലീനമായാണ് അദ്ദേഹം പൊതുപ്രവര്‍ത്തനം നടത്തിയത്. തൂവെള്ള ഖദറില്‍ ഒരു കറുത്ത പാടുപോലും വീഴാതെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയും ചെയ്തു.

ഏഴ് പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം. അതും താഴേത്തട്ടില്‍ നിന്നും പടിപടിയായി പാട്ടിയുടെയും മുന്നണിയുടെയും ഉന്നത പദവികളിലേക്ക്. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റില്‍ തുടങ്ങി ബ്ലോക്ക് പ്രസിഡന്റും ഡി.സി.സി പ്രസിഡന്റും നിയമസഭാംഗവും മന്ത്രിയും സ്പീക്കറും കെ.പി.സി.സി അധ്യക്ഷനും യു.ഡി.എഫ് കണ്‍വീനറുമായി. അദ്ദേഹം കയറിവന്ന ഓരോ പടവുകളും രാഷ്ട്രീയ നേതാവെന്ന നിലയില്‍ കഴിവുകള്‍ക്കുള്ള അംഗീകാരമായിരുന്നു.

ഇരുപത്തി എട്ടാം വയസില്‍ പെരുമ്പാവൂര്‍ നഗരസഭ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയര്‍മാനെന്ന റെക്കോഡും പി.പി തങ്കച്ചന്‍ സ്വന്തം പേരിലെഴുതി. കൃഷിക്കു സൗജന്യ വൈദ്യുതി നല്‍കാനുള്ള സുപ്രധാന തീരുമാനം എടുത്തത് അദ്ദേഹത്തിന്റെ കാലത്താണ്. ആര്‍ക്കും എപ്പോഴും എന്ത് ആവശ്യത്തിനും സമീപിക്കാവുന്ന രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും സൗമ്യമായി പെരുമാറുമ്പോഴും കാര്‍ക്കശ്യത്തോടെയുള്ള നിലപാടുകള്‍ സ്വീകരിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.

സ്നേഹനിധിയായ ജ്യേഷ്ഠ സഹോദരനായിരുന്നു എനിക്ക് പി.പി. തങ്കച്ചന്‍. എന്റെ ജില്ലയില്‍ നിന്നുള്ള നേതാവ്. ഏത് സമയത്തും എന്തിനും എനിക്ക് സമീപിക്കാന്‍ കഴിയുമായിരുന്ന നേതാവ്. നിറഞ്ഞ വാത്സല്യത്തോടെ എന്നും എന്നെ ചേര്‍ത്തു പിടിച്ചയാള്‍. രാഷ്ട്രീയത്തില്‍ ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്ന ഗുരുതുല്യനായ ഒരാള്‍ ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.