കോട്ടയം: ജാപ്പനീസ് പഠന കോഴ്‌സ് നടത്തിയതിനു കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനു സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ വിമര്‍ശനം. ഓണ്‍ലൈന്‍ കോഴ്‌സില്‍ പരീക്ഷ നടത്താതെ സര്‍ട്ടിഫിക്കറ്റും നല്‍കി. തിരുവനന്തപുരം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയിലെ പദ്ധതിയുടെ ഭാഗമായാണു ജാപ്പനീസ് പഠന കോഴ്‌സ് നടത്തിയത്.

അംഗീകാരമില്ലാത്ത കോഴ്‌സ് നടത്താന്‍ തനതു ഫണ്ടില്‍നിന്നു ചെലവഴിച്ച തുക ചുമതലക്കാരായ ഉദ്യോഗസ്ഥരില്‍നിന്നു തിരിച്ച പിടിക്കാനും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിര്‍ദേശം. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ വേറെ അംഗീകാരം വേണ്ടെന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം തള്ളിയാണു 2021-22ലെ ഓഡിറ്റിലെ വിമര്‍ശനം.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരുടെ മക്കള്‍ ഉള്‍പ്പെടെ 11 പേരാണു കോഴ്‌സില്‍ ചേര്‍ന്നത്. 62 മണിക്കൂര്‍ ക്ലാസ് നടത്തിയെന്നാണു രേഖകളില്‍ ഉള്ളത്. 101 മണിക്കൂര്‍ കണക്കാക്കി 1.51 ലക്ഷം രൂപ കോഴ്‌സ് നടത്താന്‍ സഹകരിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിനു നല്‍കി. പഠനോപകരണങ്ങള്‍ വാങ്ങാന്‍ ഉള്‍പ്പെടെ 1.73 ലക്ഷം രൂപയാണു ചെലവഴിച്ചത്. ഇതില്‍ തനതു ഫണ്ടില്‍നിന്നു ചെലവഴിച്ച 9,348 രൂപ തിരിച്ചുപിടിക്കാനാണു നിര്‍ദേശം. മലയാള ഭാഷയുടെ വികസനം പ്രോത്സാഹിപ്പിക്കുക എന്നതാണ് 1968ല്‍ സ്ഥാപിതമായ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം.