തിരുവനന്തപുരം: കേരളത്തിൽ തന്നെ ചർച്ചയായ പപ്പടത്തല്ലിന് പിന്നാലെ തിരുവനന്തപുരത്തും വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്.വിവാഹം ക്ഷണിക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൂട്ടത്തലിലേക്ക് എത്തിയത്.സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു.ബാലരാമപുരം സെൻ സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച രാത്രി ഒൻപതുമണിയോടുകൂടിയാണ് സംഭവം നടന്നത്.

ഉച്ചക്കട സ്വദേശിയുടെ മകളുടെ വിവാഹം ഞായറാഴ്‌ച്ച നടക്കാനിരിക്കുകയായിരുന്നു.ഇതിന് മുന്നോടിയായി ശനിയാഴ്‌ച്ച നടന്ന സത്കാരത്തിനിടെയാണ് സംഭവം. വിഴിഞ്ഞം സ്വദേശിയായ ആൾ ഓഡിറ്റോറിയത്തിലെത്തുകയും വിവാഹം ക്ഷണിക്കാത്തതിനെച്ചൊല്ലി തർക്കിക്കുകയും ചെയ്തു.വധുവിന്റെ ബന്ധു തന്നെയായിരുന്നു ഇയാളെന്നും പറയുന്നു.

വധുവിന്റെ അച്ഛനുമായി നടന്ന വാക്കുതർക്കത്തിൽ ബാലരാമപുരം ആർ.സി. തെരുവിലെ ഒരുകൂട്ടം യുവാക്കൾ വിഷയത്തിൽ ഇടപെട്ടതോടെയാണ് തർക്കം സംഘർഷത്തിലെത്തിയത്. ഉച്ചക്കട സ്വദേശിയായ വയോധികനാണ് തലയ്ക്കു പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടുമാസം മുമ്പും ഇത്തരത്തിലെ സംഘർഷം പ്രദേശത്തുണ്ടായെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ വിവാഹവീട്ടിലെ യുവാക്കളും പ്രദേശത്തെ ചില യുവാക്കളും തമ്മിൽ നേരത്തേയുണ്ടായിരുന്ന വിഷയമാണ് സംഘർഷത്തിനു കാരണമെന്ന് ചിലർ പറഞ്ഞു. ബാലരാമപുരം പൊലീസ് സ്ഥലത്തെത്തി.

സമാനരീതിയിൽ പപ്പടം നൽകാത്തതിനെച്ചൊല്ലിയുണ്ടായ കൊല്ലത്തെ തല്ലാണ് ഇതിന് മുൻപ് ചർച്ചയായ മറ്റൊരു വിഷയം.എന്നാൽ കേരളത്തിൽ തന്നെ സമീപകാലത്ത് സമാനരീതിയിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നുമുണ്ട്