- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ സി മൊയ്തീന്റെ വീട്ടിൽ ഇ ഡി റെയ്ഡ് തുടരവേ വീടിനുമുന്നിൽ നേരിയ സംഘർഷം; എംഎൽഎ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ട് മാർച്ചു നടത്തിയ യുഡിഎഫ് പ്രവർത്തകരെ സിപിഎമ്മുകാർ വിരട്ടിയോടിച്ചു
വടക്കാഞ്ചേരി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി. റെയ്ഡ് നടക്കുന്നതിനിടെ മുൻ സഹകരണ മന്ത്രി എ.സി മൊയ്തീന്റെ വീടിന് മുന്നിൽ നേരിയ സംഘർഷം. മൊയ്തീൻ എംഎൽഎ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ യുഡിഎഫ് പ്രവർത്തകരെ സിപിഎമ്മുകാർ വിരട്ടിയോടിച്ചു.
ഇതാണ് നേരിയ സംഘർഷത്തിന് ഇടയാക്കിയത്. രാവിലെ ഏഴു മണിയോടെ തുടങ്ങിയ ഇ.ഡിയുടെ പരിശോധന ഇപ്പോഴും തുടരുകയാണ്. പ്രധാനമായും കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ തന്നെയാണ് പരിശോധിക്കുന്നത്. 300 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ അഞ്ച് പ്രധാന പ്രതികളും ഭരണസമിതി അംഗങ്ങളുമുൾപ്പടെ പ്രതി ചേർക്കപ്പെട്ടിരുന്നു.
ക്രമക്കേടിൽ ഇടപെട്ടുവെന്നും തട്ടിപ്പു പണത്തിന്റെ പങ്കു പറ്റിയെന്നുൾപ്പടെയുള്ള ആരോപണങ്ങൾ മുന്മന്ത്രിക്കു നേരെയുണ്ട്. കേസിലെ പ്രധാന പ്രതിയായിരുന്ന ബിജു കരീമുമായി എ.സി മൊയ്തീന് പങ്കുണ്ടെന്നും നേരത്തെ ആരോപണമുണ്ടായിരുന്നു. ജീവനക്കാരുടെ മൊഴികളും എ.സി. മൊയ്തീനെതിരാണ്.അന്ന് സഹകരണ വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹത്തിന് വിഷയം അറിയാമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി കേസ് ഇ.ഡി. സമഗ്രമായി അന്വേഷിക്കുന്നുണ്ട്. നേരത്തെ കേരള പൊലീസ് സംഭവം അന്വേഷിച്ചിരുന്നെങ്കിലും ബാങ്ക് ജീവനക്കാരിലേക്കും ചില ജില്ലാ നേതാക്കൾക്കപ്പുറത്തേക്കും അന്വേഷണം എത്തിയിരുന്നില്ല. റെയ്ഡുമായി ബന്ധപ്പെട്ട് യാതൊരു വിവരവും അധികൃതർ പുറത്തുവിട്ടിരുന്നില്ല. കേരള പൊലീസിനെ ഉൾപ്പെടെ വിഷയം അറിയിക്കാതെയാണ് ഇ.ഡി. സംഘം രാവിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.




