തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പെൺകുട്ടികൾക്കായുള്ള പ്രധാന സർക്കാർ സ്‌കൂളായ കോട്ടൺ ഹില്ലിൽ ഉണ്ടായ അലർജി പ്രശ്‌നത്തെക്കുറിച്ച് താനറിഞ്ഞത് സോഷ്യൽ മീഡിയ വഴിയെന്ന വിശദീകരണവുമായി മന്ത്രി വി.ശിവൻകുട്ടി.കോട്ടൺ ഹിൽ സ്‌കൂളിലെ വിദ്യാർത്ഥി അലർജി പ്രശ്‌നം അറിയിച്ചിട്ടും അദ്ധ്യാപകർ ചെവിക്കൊണ്ടില്ലെന്നാണ് പരാതി ഉയർന്നത്.ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറത്തുവന്നത്.

ഇതിന് പ്രതികരണവുമായാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയത്.താൻ സംഭവം അറിഞ്ഞത് സോഷ്യൽ മീഡിയ വഴിയാണെന്നും വിദ്യാഭ്യാസ ഡയറക്ടറോട് ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് തേടുമെന്നും മന്ത്രി പറഞ്ഞു.റിപ്പോർട്ടിന് ശേഷം തുടർനടപടി സ്വീകരിക്കും.ഇത്തരത്തിൽ സ്‌കൂളിലൊരു അലർജി സംബന്ധമായി വിഷയമുള്ളതായി ഇതുവരെ വിദ്യാഭ്യാസ വകുപ്പിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെയും കോട്ടൺഹിൽ സ്‌കൂളിനെതിരെ പരാതികൾ പുറത്തുവന്നിരുന്നു.സ്‌കൂളിൽ അഞ്ചിലും എട്ടിലും പഠിക്കുന്ന വിദ്യാർത്ഥിനികളെ അജ്ഞാതർ ഉപദ്രവിച്ച സംഭവത്തിൽ അന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട് തേടിയിരുന്നു.