തിരുവനന്തപുരം:കാഞ്ഞിരംകുളത്ത് ആറര വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറുവർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും.കാഞ്ഞിരംകുളം ലൂർദിപുരം ചാണിവിള വീട്ടിൽ കാർലോസിനെയാണ് (55) തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആജ് സുദർശൻ ശിക്ഷിച്ചത്.വിധിപ്രകാരമുള്ള പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ ശിക്ഷയനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

2021 ഓഗസ്റ്റ് 30-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്.പെൺകുട്ടിയുടെ വീട് വൃത്തിയാക്കാനെത്തിയപ്പോഴാണ് പ്രതി കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്.ഈ സമയം വീട്ടിൽ പെൺകുട്ടിയും അമ്മൂമ്മയും മാത്രമാണുണ്ടായിരുന്നത്.അമ്മൂമ്മ അടുക്കളയിലായിരുന്നപ്പോൾ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നതിനായി മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി.പീഡിപ്പിക്കാൻ ശ്രമിക്കവേ കുട്ടി ബഹളംവെച്ച് അമ്മൂമ്മയുടെ അടുത്തേക്ക് ഓടിയെത്തി സംഭവം പറഞ്ഞു.അമ്മൂമ്മ ഉടനെ സംഭവത്തെക്കുറിച്ച് പ്രതിയോട് ചോദിക്കുകയും പ്രതിയെ മർദിക്കുകയും ചെയ്തു.തുടർന്ന് കാഞ്ഞിരംകുളം സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കാർലോസിനെതിരെ കേസെടുത്തത്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. എം. മുബീന എന്നിവർ ഹാജരായി. പിഴത്തുക ഇരയായ കുട്ടിക്ക് നൽകാൻ കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷൻ 12 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.കാഞ്ഞിരംക്കുളം എസ്‌ഐ. ഇ.എം. സജിറാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.